2004-ൽ സഹോദരിമാരായ ടിന മെസ്മാൻ വൈക്‌സും കൈനാസ് മെസ്മാൻ ഹർചന്ദ്രായിയും ചേർന്ന് ആരംഭിച്ച പ്രശസ്തമായ ബേക്കറി ശൃംഖല- തിയോബ്രോമ , ക്രിസ് ക്യാപിറ്റലിന് വിൽക്കാൻ തീരുമാനിച്ചു .തിയോബ്രോമയുടെ നിലവിലെ നിക്ഷേപകരും പ്രൊമോട്ടർമാരുമായ ഐസിഐസിഐ വെഞ്ച്വറിൽ നിന്ന് 90 ശതമാനം ഓഹരികൾ വാങ്ങുമെന്ന് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിസ് ക്യാപിറ്റൽ പ്രഖ്യാപിച്ചു.തദ്ദേശീയ ബേക്കറി ശൃംഖലയായ തിയോബ്രോമയുമായി ക്രിസ് ക്യാപിറ്റൽ 2,410 കോടി രൂപയുടെ കരാർ ഒപ്പിട്ടു.
ഒറ്റമുറി സംരംഭമായി ആരംഭിച്ച ഒരു സ്റ്റോറിൽ നിന്ന് തിയോബ്രോമ ആറ് വര്ഷം കൊണ്ട് ഇന്ത്യയിലുടനീളം 225 ഔട്ട്‌ലെറ്റുകൾ സൃഷ്ടിച്ചു.
2017 ൽ ഐസിഐസിഐ വെഞ്ച്വർ ബേക്കറിയിലെ 42 ശതമാനം ഓഹരികൾ 130 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.വില്പനാനന്തരം കമ്പനിയിൽ 10 ശതമാനം ഓഹരികൾ നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബേക്കറി വിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ വിൽപ്പനകളിലൊന്നായി തിയോബ്രോമ ചരിത്രം കുറിച്ചു,
ബേക്കറിയുടെ പ്രാരംഭ മൂല്യം 3,000 കോടി രൂപ ആയിരുന്നു, സ്ഥാപക കുടുംബവും മറ്റ് ഓഹരി ഉടമകളും ഷെയർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വില്പന നിർദേശം വന്നത്. തിയോബ്രോമ ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ സാധ്യതയും അന്വേഷിച്ചതായി റിപ്പോർട്ട് ഉണ്ട്. പക്ഷേ വിപണിയിലെ ചാഞ്ചാട്ടം കാരണം അത് നടന്നില്ല.
ബെയിൻ ക്യാപിറ്റൽ, കാർലൈൽ, മോങ്കിനിസ് ബേക്കർ ശൃംഖല നടത്തുന്ന സ്വിറ്റ്സ് ഗ്രൂപ്പ് എന്നിവരും തിയോബ്രോമയ്ക്കായി മത്സരരംഗത്തുണ്ടായിരുന്നു. തിയോബ്രോമ, ദി ബെൽജിയൻ വാഫിൾ കമ്പനി തുടങ്ങിയ ബ്രാൻഡുകൾ വാങ്ങി ഒരു ക്വിക്ക്-സർവീസ് റെസ്റ്റോറന്റ് (ക്യുഎസ്ആർ) പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് ക്രിസ് ക്യാപിറ്റലിന്റെ ലക്‌ഷ്യം.
ചരിത്രം
ഒബ്‌റോയ് ഉദയ്വിലാസിൽ ബേക്കറി ഷെഫായി ജോലി ചെയ്യുന്നതിനിടെ നടുവിന് പരിക്കേറ്റതിനെ തുടർന്നാണ് സ്വന്തമായി ഒരു ബേക്കറി തുടങ്ങാനുള്ള ആശയം ഉണ്ടായതെന്ന് കൈനാസ് തന്റെ ‘ദി തിയോബ്രോമ സ്റ്റോറി: ബേക്കിംഗ് എ ഡ്രീം’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.ലണ്ടനിലെ ലെ കോർഡൻ ബ്ലൂവിൽ മുമ്പ് പരിശീലനം നേടിയിരുന്ന കൈനാസും സഹോദരിയും, വീട്ടിൽ നടത്തിയിരുന്ന ബിസിനസിൽ അമ്മയെ സഹായിച്ചുകൊണ്ടാണ് വളർന്നത്. 1.5 കോടി രൂപ മൂലധനത്തോടെ ആരംഭിച്ച ബിസിനസ്സിന് ധനസഹായം നൽകിയത് പിതാവാണ്. ഒരു കഫേ തുടങ്ങാനുള്ള പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും ബിസിനസ് വളർച്ചാ പദ്ധതി മുന്നിൽ കണ്ടാണ് 2004 ൽ മുംബൈയിലെ കൊളാബയിൽ ആദ്യത്തെ ഔട്ട്‌ലെറ്റ് തുറന്നതെന്നും കൈനാസ് പറയുന്നു.
തങ്ങളുടെ മധുരപലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന അതെ രുചിയോടെ നൽകണം എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു. വിപുലീകരണത്തിനായുള്ള നീണ്ട പോരാട്ടവും ഗുണനിലവാരം നിലനിർത്തുന്നതിനുള്ള ഉയർന്ന മുൻകൂർ ചെലവുകളും കാരണം, ‘ദൈവങ്ങളുടെ ഭക്ഷണം’ എന്നർത്ഥം വരുന്ന തിയോബ്രോമ 2014 ൽ ആദ്യത്തെ 5 കോടി രൂപയുടെ വായ്പ നേടി.തുടർന്ന് നടന്നത് ചരിത്രം.ഇനി പുതിയ കൈകളിലൂടെ തിയോബ്രോമ നാവിൻതുമ്പിലെത്തും.