ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 334 പാർട്ടികളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കി. രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 2019 മുതൽ ആറ് വർഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച അറിയിച്ചു. ഈ പാർട്ടികളുടെ ഓഫീസുകൾ എവിടെയും പ്രവർത്തിക്കുന്നില്ല. ഇവ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളതാണെന്ന് തെരഞ്ഞെടുപ്പ് പാനൽ അറിയിച്ചു.
കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി, ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി. രാജ്യത്ത് നിലവിൽ ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ. ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള 2,854 പാർട്ടികളിൽ ഒഴിവാക്കൽ നടപടിക്ക് ശേഷം 2,520 എണ്ണമാണുള്ളത്. നിലവിൽ ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളുമുണ്ട്.
നിലവിൽ 2520 രാഷ്ട്രീയ പർട്ടികളാണ് ഉള്ളത്. 1951ലെ ആർപി ആക്ട് സെക്ഷൻ 29 ബി, സെക്ഷൻ 29 സി എന്നിവയിലെ വ്യവസ്ഥകൾ പ്രകാരവും 1968ലെ തിരഞ്ഞെടുപ്പ് ഉത്തരവ് പ്രകാരവും ഈ പാർട്ടികൾക്ക് ഇനി ഒരു ആനുകൂല്യവും ലഭിക്കില്ല. ഉത്തരവിൽ പരാതിയുള്ള കക്ഷികൾക്ക് 30 ദിവസത്തിനുള്ളിൽ കമ്മീഷനിൽ അപ്പീൽ നൽകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
2025 ജൂണിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ പുനർക്രമീകരണത്തിന് തുടക്കമിട്ടത്. പാർട്ടികൾ തെഞ്ഞെടുപ്പ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് അന്വേഷണങ്ങൾ നടത്താൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സിഇഒമാർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 344 പാർട്ടികൾ പാലിക്കുന്നില്ല എന്ന് കണ്ടെത്തി.