50 ഓളം ലോകരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയം
കഞ്ചാവിന്റെ ഉപയോഗം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി തായ്ലന്റ് ഭരണകൂടം. കഞ്ചാവ് നിയമവിധേയമാക്കുന്നതിന് നേതൃത്വം നല്കിയ ഭുംജൈതായ് പാര്‍ട്ടി കഴിഞ്ഞയാഴ്ച ഭരണ സഖ്യത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഇതിന്റെ വിനോദ ഉപയോഗത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം. വിനോദ ഉപയോഗത്തിനായി കഞ്ചാവ് വില്‍ക്കുന്നത് നിരോധിക്കുകയും ഏതെങ്കിലും വിധത്തിലുള്ള ചില്ലറ വില്പനക്ക് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കുകയും ചെയ്തുകൊണ്ട് തായ്ലന്ഡ് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഭാവിയില്‍ കഞ്ചാവ് ഒരു മയക്കുമരുന്നായി തരംതിരിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രി സോംസാക് തെപ്സുതിന്‍ പറഞ്ഞു.
കഞ്ചാവിന്റെ വിനോദ ഉപയോഗം കുറ്റകൃത്യമല്ലാതാക്കിയ ഏഷ്യയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി തായ്ലന്ഡ് മാറിയത് മൂന്ന് വര്‍ഷം മുമ്പാണ്. 2022ല്‍ രാജ്യത്തിന്റെ മയക്കുമരുന്ന് പട്ടികയില്‍നിന്ന് നീക്കം ചെയ്തതിനുശേഷം കുതിച്ചുയര്‍ന്ന 100 കോടി ഡോളറിലധികം വിലമതിക്കുന്ന ഒരു വ്യവസായമാണിത്. എന്നാല്‍, ഈ മേഖലയെ നിയന്ത്രിക്കുന്നതിന് സമഗ്രമായ നിയമങ്ങളൊന്നുമില്ലായിരുന്നു. അതിനുശേഷം തായ്ലന്ഡിലുടനീളം കഞ്ചാവ് വില്‍ക്കുന്ന പതിനായിരക്കണക്കിന് കടകളും ബിസിനസുകളും ഉയര്‍ന്നുവന്നു. അവയില്‍ പലതും രാജ്യത്തിന്റെ ടൂറിസം കേന്ദ്രങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഔഷധ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഈ വ്യവസായം 2025 ആകുമ്പോഴേക്കും 1200 കോടി ഡോളറിന്റെ മൂല്യമുള്ളതായിരിക്കുമെന്ന് തായ് ചേംബര്‍ ഓഫ് കൊമേഴ്സ് മുമ്പ് കണക്കാക്കിയിരുന്നു. കേരളത്തിലേക്കടക്കം വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത് തായ്ലന്റില് നിന്നാണ്.
തായ്ലന്റിനെ കൂടാതെ കാനഡ, ജര്‍മനി, നെതര്‍ലാന്റ്സ്, ഇറ്റലി, ബെല്‍ജിയം, അല്‍ബേനിയ, അര്‍ജന്റീന, ഓസ്ട്രേലിയ, ബാര്‍ബഡോസ്, ബ്രസീല്‍, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, ഇക്വഡോര്‍, ഫിന്‍ലാന്‍ഡ്, ജോര്‍ജിയ, ഗ്രീസ്, അയര്‍ലന്‍ഡ്, ഇസ്രായേല്‍, ജമൈക്ക, ലെബനന്, ലക്സംബര്‍ഗ്, മലാവി, മാള്‍ട്ട, മെക്സിക്കോ, ന്യൂസിലാന്‍ഡ്, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ, പനാമ, പെറു, പോളണ്ട്, പോര്‍ച്ചുഗല്‍, റുവാണ്ട, സെന്റ് വിന്‍സെന്റ് ആന്‍ഡ് ദി ഗ്രനേഡൈന്‍സ്, സാന്‍ മറിനോ, ദക്ഷിണാഫ്രിക്ക, സ്പെയിന്, ശ്രീലങ്ക, സ്വിറ്റ്സര്‍ലന്‍ഡ്, ഉക്രെയ്ന്, യുണൈറ്റഡ് കിംഗ്ഡം, ഉറുഗ്വേ, വാനുവാട്ടു, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളിലാണ് നിയന്ത്രണ വിധേയമായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.