ടെക്സസ് മിന്നൽ പ്രളയം : മരണം 100 കടന്നു;കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു

ടെക്സസ് : ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. അപകടത്തില്‍ 104 പേർ മരിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. മരിച്ചവരില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്.

കെർ കൗണ്ടിയെയാണ് ദുരന്തം കൂടുതല്‍ ബാധിച്ചത്. ഇവിടെ നിന്ന് മാത്രമായി 84 മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. 22 മുതിർന്നവരെയും 10 കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

അതേസമയം, പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച്‌ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കാണാതായ പത്ത് വിദ്യാർഥികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ടെക്സസ് തലസ്ഥാനമായ ഓസ്റ്റിൻ പ്രദേശത്ത് വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതായും 15 പേരെ ഇപ്പോഴും കാണാതായതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ട്രാവിസ് കൗണ്ടിയില്‍ ഏഴ് പേരും വില്യംസണ്‍ കൗണ്ടിയില്‍ രണ്ട് പേരും ബർനെറ്റ് കൗണ്ടിയില്‍ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചതായി ഓസ്റ്റിൻ അമേരിക്കൻ-സ്റ്റേറ്റ്സ്മാൻ ഉദ്യോഗസ്ഥർ അറിയിച്ചതായും ദി ഗാർഡിയൻ്റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അടിയന്തര സാഹചര്യം നേരിടാൻ തൻ്റെ ഭരണകൂടം പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. തിരച്ചില്‍ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഫെഡറല്‍ സർക്കാർ കോസ്റ്റ് ഗാർഡിനെ വിന്യസിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *