പ്രിയ ശ്രീനിവാസൻ
മുംബൈ: ഇന്ത്യയിൽ ടെസ്‌ലയുടെ ആദ്യ ഷോറൂം മഹാരാഷ്ട്രയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) മേക്കർ മാക്സിറ്റി മാളിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ ടെസ്‌ല ഇന്ത്യക്കായി എന്തൊക്കെയാവും കരുതി വെച്ചിട്ടുണ്ടാകുക. ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലേക്കുള്ള കടന്നുകയറ്റത്തിലെ ഒരു നാഴികക്കല്ല് ആണെന്ന് പറയാം.
ടെസ്‌ലയുടെ മുംബൈ ഷോറൂം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഫഡ്‌നാവിസ് നടത്തിയത് ടെസ്‌ല ഇവിടെ ഒരു എക്സ്പീരിയൻസ് സെന്റർ തുറന്നിട്ടുണ്ട്, ടെസ്‌ല ശരിയായ നഗരത്തിലും ശരിയായ സംസ്ഥാനത്തും എത്തിയിരിക്കുന്നു എന്ന പ്രസ്താവനയാണ്. ഇന്ത്യയിലും മഹാരാഷ്ട്രയിലും ഇലക്ട്രിക് മൊബിലിറ്റിക്ക് വർദ്ധിച്ചുവരുന്ന ആവശ്യകതയെകുറിച്ച് അടിവരയിടുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ, ഇലക്ട്രിക് മൊബിലിറ്റിക്ക് വളരെ വലുതും ശക്തവുമായ ഒരു വിപണി നിലവിലുണ്ട്.
ടെസ്‌ല എന്ന വാക്ക് കാറോ കാർ നിർമ്മാതാവോ ആയി മാത്രമല്ല കാർ പ്രേമികളുടെ ഇടയിലുള്ളത്. അതിന്റെ സുസ്ഥിരത, രൂപകൽപ്പന, നവീകരണം എന്നിവയിൽ ടെസ്‌ല ഒരു സാക്ഷ്യപാത്രമായി മാറിയിരിക്കുന്നു. ലോകത്തെവിടെയും ഇത് സ്നേഹിക്കപ്പെടാനുള്ള ഏക കാരണവും ഇതുതന്നെയാവും. ടെസ്‌ല ഇന്ത്യയിൽ മോഡൽ വൈ ആണ് അവതരിപ്പിക്കുന്നത് .കറുത്ത അലോയ് വീലിൽ കടും ചാരനിറത്തിലുള്ള കൂപ്പെ-സ്റ്റൈൽ എസ്‌യുവിയാണിത്. ലോംഗ് റേഞ്ച് ആർഡബ്ല്യുഡി, ലോംഗ് റേഞ്ച് എഡബ്ല്യുഡി എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
ഓസ്റ്റിൻ ആസ്ഥാനമായുള്ള സ്ഥാപനം ഇതിനകം തന്നെ ആദ്യ ബാച്ച് കാറുകൾ കയറ്റുമതി ചെയ്തിരുന്നു . അതിനാൽ ചൈനയിലെ ഫാക്ടറിയിൽ നിന്നാണ് മോഡൽ വൈ റിയർ-വീൽ ഡ്രൈവ് എസ്‌യുവികൾ എത്തുന്നത്.അടുത്തിടെ, മുംബൈയിലെ ലോധ ലോജിസ്റ്റിക്സ് പാർക്കിൽ 24,565 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെയർഹൗസിംഗ് സൗകര്യം ടെസ്‌ല ഇന്ത്യ അഞ്ച് വർഷത്തേക്ക് പാട്ടത്തിന് ഏറ്റെടുത്തു.ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉയർന്ന ഇറക്കുമതി താരിഫുകൾ ഒരു പ്രധാന തടസ്സമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ അടുത്തിടെ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഇവി നയം, വിദേശ ഇവി നിർമ്മാതാക്കളെ ആകർഷിക്കുന്നതിന് കുറഞ്ഞ ഇറക്കുമതി തീരുവകളും മറ്റ് പ്രോത്സാഹനങ്ങളും നൽകിയിരുന്നു, ഇത് ടെസ്‌ലയുടെ വരവിന് വഴിയൊരുക്കി എന്ന് വേണം കരുതാൻ.മുംബൈയിൽ ആദ്യ ഷോറൂം തുറക്കുന്നതോടെ, ടെസ്‌ല ഇന്ത്യൻ വിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഓട്ടോമൊബൈൽ വിപണികളിൽ ഒന്നിൽ ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് കാറുകൾക്ക് അടിത്തറയിടാനും സാധ്യത ഏറെയാണ്.
ഇന്ത്യയിൽ വാഹനങ്ങൾ വിതരണം ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് ടെസ്‌ല തങ്ങളുടെ നൂതന V4 സൂപ്പർചാർജറുകൾ ഇന്ത്യയിൽ വിന്യസിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.സൂപ്പർചാർജറിന് 15 മിനിറ്റിനുള്ളിൽ 267 കിലോമീറ്റർ വരെ റീചാർജ് ചെയ്യാൻ കഴിയും.എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇന്ത്യയുടെ ഇവി സെക്ടറിൽ കൂടുതൽ നിക്ഷേപിക്കാനുള്ള പദ്ധതികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ടെസ്‌ലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രകാരം, 60 ലക്ഷം രൂപ എന്ന പ്രാരംഭ വിലയ്ക്കായിരിക്കും ഇന്ത്യയിൽ തങ്ങളുടെ മോഡൽ വൈ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുന്നത്.തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രാരംഭ വാഹന രജിസ്ട്രേഷനുകൾ ഉടൻ ആരംഭിക്കും. ഡൽഹി, മുംബൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് ആദ്യം രജിസ്‌ട്രേഷൻ ആരംഭിക്കുക.
ഉയർന്ന വിൽപ്പന കണക്കുകൾ ഉടനടി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയല്ല ടെസ്‌ല ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് എന്ന് വേണം കരുതാൻ , ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയിലെ മൊത്തത്തിലുള്ള വിൽപ്പനയുടെ 4% മാത്രം വരുന്ന ഒരു പ്രത്യേക പ്രീമിയം ഇവി സെഗ്‌മെന്റിനെ ലക്ഷ്യമിട്ട്, ഇന്ത്യയിലെ തിരക്കേറിയ റോഡുകളിലേക്ക് ടെസ്‌ല നീങ്ങുന്നത് പിന്നാമ്പുറത്തു വൻ പ്രൊജെക്ടുകൾ മുന്നിൽ കണ്ടാവണം.
ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര ബഹുജന വിപണിയിലെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളെക്കാൾ, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ജർമ്മൻ ആഡംബര ഭീമന്മാരോടായിരിക്കും ടെസ്‌ല പ്രധാനമായും മത്സരിക്കുക. അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന സെഗ്മെന്റിലേക്കു ടെസ്‌ലയുടെ തന്ത്രപരമായ കടന്നുവരവിനെ ലോകത്തിലെ ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണികളിൽ ഒന്നിന് ഒരു സുപ്രധാന കളിക്കാരനെ ലഭിച്ചു എന്നാണ് വാഹന വിപണി നിരീക്ഷകർ നോക്കികാണുന്നത്.