കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽ എം.ജി.റോഡ് ഒഴികെയുള്ള കിഴക്ക്- പടിഞ്ഞാറ് മേഖലകളിലെ കോർപ്പറേഷൻ വക ലാമ്പ് പോസ്റ്റുകളിൽ ഇരുവശങ്ങളിലും 2011 ആഗസ്റ്റ് മുതൽ 2012 മാർച്ച് വരെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചിരുന്നു. ടെൻഡർ നൽകിയവരിൽ നിന്ന് ഏറ്റവും കൂടിയ തുകയായ 74,34,132 രൂപ (എഴുപത്തിനാലു ലക്ഷത്തി മുപ്പത്തിനാലായിരത്തി ഒരുന്നൂറ്റി മുപ്പത്തിരണ്ടു രൂപ) നിർദ്ദേശിച്ച എൻ.എം. എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിന് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനുള്ള അവകാശം നൽകുന്നതിന് കോർപ്പറേഷൻ തീരുമാനിച്ചു.
ടെൻഡർ ഉറപ്പിച്ച് ഏഴു ദിവസത്തിനകം മുഴുവൻ തുകയും കോർപ്പറേഷനിൽ അടച്ച് രേഖാമൂലം കരാറിൽ ഏർപ്പെടണം എന്നായിരുന്നു ടെൻഡറിലെ വ്യവസ്ഥ. എന്നാൽ ടെൻഡറിലെ വ്യവസ്ഥകൾക്ക് വിപരീതമായി, പ്രതികളായ കോർപ്പറേഷനിലെ യു.ഡി. ക്ലർക്ക് വിനോദ് കുമാർ, സൂപ്രണ്ട് പി രാമകൃഷ്ണൻ നായർ, ടൗൺ പ്ലാനിങ് ഓഫീസർ കെ.എസ്. സുഭാഷ്, എൻ.എം. എന്റർപ്രൈസസിന്റെ മാനേജർ രഘുവരൻ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. ഓഫീസ് ഫയലിൽ രേഖപ്പെടുത്താതെയും, കോർപ്പറേഷൻ സെക്രട്ടറിയെ അറിയിക്കാതെയും നിയമവിരുദ്ധമായി 9,29,267 രൂപ മാത്രം ടൗൺ പ്ലാനിങ് ഓഫീസറുടെ നിർദ്ദേശപ്രകാരം എൻ. എം. എന്റർപ്രൈസസിൽ നിന്ന് സ്വീകരിക്കുകയും അതുവഴി എൻ എം എന്റർപ്രൈസസ് കോർപ്പറേഷനുമായി രേഖാമൂലം കരാറിൽ ഏർപ്പെടാതെ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും ബാക്കി തുകയായ 65,04,865 രൂപ കോർപ്പറേഷന് നഷ്ടം വരുത്തുന്നതിനും ഇടയാക്കിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.
വിജിലൻസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കുന്നതിനായി ടൗൺ പ്ലാനിങ് ഓഫീസർ ഫയൽ ചെയ്ത ഹർജി ജസ്റ്റിസ് എ.ബദറുദ്ദീൻ തള്ളി. പ്രതികൾ വിചാരണ നേരിടണമെന്ന് ഉത്തരവായി. ടെൻഡർ നടപടിക്രമങ്ങൾ നടത്തിയതിൽ തനിക്ക് പങ്കില്ലെന്നും നിയമപ്രകാരം കോർപ്പറേഷൻ സെക്രട്ടറിക്കാണ് ആയതിന് അധികാരമെന്നും, ടെൻഡർ ലഭിച്ച സ്ഥാപനം ബാക്കി തുക അടയ്ക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം താനാണ് തുടർനടപടികൾ സ്വീകരിച്ചത് എന്നുമുള്ള ടൗൺ പ്ലാനിങ് ഓഫീസറുടെ വാദം കോടതി നിരാകരിച്ചു. എത്രയും വേഗം വിചാരണ പൂർത്തിയാക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.വിജിലൻസിനു വേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ (വിജിലൻസ്) എ. രാജേഷ്, സീനിയർ ഗവ. പ്ലീഡർ രേഖ.എസ്. എന്നിവർ ഹാജരായി.