കൊച്ചി/കെയ്‌റോ/ഗുരുഗ്രാം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കമ്പനിയായ കെയര്‍ എക്‌സ്പര്‍ട്ടുമായി ടെലികോം ഈജിപ്റ്റ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. റിലയന്‍സ് ജിയോയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഹെല്‍ത്ത്‌കെയര്‍ ടെക് കമ്പനിയാണ് കെയര്‍ എക്‌സ്പര്‍ട്ട്.
സമഗ്രമായ ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോം ഈജിപ്റ്റില്‍ ലോഞ് ചെയ്യാനാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈജിപ്റ്റിനുള്ളില്‍ തന്നെ സ്ഥാപിക്കുന്ന ദേശീയ, സുരക്ഷിത ക്ലൗഡ് സംവിധാനമുപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുക. ഏകീകൃത ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡുകള്‍ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്യുന്നതാകും പുതിയ പ്ലാറ്റ്‌ഫോം.
ക്ലിനിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി. പ്രവര്‍ത്തനക്ഷമത കൂട്ടാനും ആഗോള മല്‍സരക്ഷമത കൈവരിക്കാനും ഇതിലൂടെ സാധിക്കും.
നിലവിലുള്ള സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പുതിയ കാര്യങ്ങള്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ കെയര്‍എക്‌സ്പര്‍ട്ട് ലഭ്യമാക്കുന്ന സേവനങ്ങളിലൂടെ സാധിക്കും. ബില്ലിംഗ് നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കുകയും റെവന്യൂ കളക്ഷന്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഏകീകൃത ഡിജിറ്റല്‍ പേമെന്റ് സംവിധാനവും ഇതില്‍ ഉള്‍പ്പെടും. എല്ലാ നിയമങ്ങളും പാലിച്ചും ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കിയും ആയിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. സുരക്ഷിതമായുള്ള തദ്ദേശീയ ക്ലൗഡ് ഹോസ്റ്റിംഗ് സംവിധാനം ആരോഗ്യ വിവരങ്ങളുടെ മേലുള്ള പരമാധികാരം ഈജിപ്റ്റിന് തന്നെ നല്‍കുന്നു. അതില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ല. എഐ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിക്കാനും ഭാവിയില്‍ മാറ്റങ്ങള്‍ വരുത്താനും അവസരമൊരുക്കുന്ന രീതിയിലാണ് ക്ലൗഡ് അടിസ്ഥാനസൗകര്യം സജ്ജീകരിക്കുക.
ടെക്‌നോളജിയെ ഉപയോഗപ്പെടുത്തി ഉയര്‍ന്ന മൂല്യമുള്ള പങ്കാളിത്തത്തിലൂടെ ഉന്നതഗുണനിലവാരത്തിലുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍ ലഭ്യമാക്കുകയെന്ന ടെലികോം ഈജിപ്റ്റിന്റെ വിഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സഖ്യം. ഹൈസ്പീഡ് കണക്റ്റിവിറ്റി, 5ജി ശൃംഖല തുടങ്ങിയ സേവനങ്ങള്‍ക്കപ്പുറം സുരക്ഷിതമായ ക്ലൗഡ് സേവനങ്ങളും നല്‍കുന്ന പദ്ധതിയിലൂടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയാണ് ടെലികോം ഈജിപ്റ്റ്. ഡിജിറ്റല്‍ പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ഈജിപ്റ്റിന്റെ വിഷന്‍ 2030-ക്ക് അനുസൃതമായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
അടുത്തിടെ കെയ്‌റോയില്‍ നടന്ന ആഫ്രിക്ക ഹെല്‍ത്ത് എക്‌സ്‌കോണ്‍ 2025ലാണ് ഇരുകമ്പനികളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
‘രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നതിലൂടെയായിരുന്നു ഞങ്ങളുടെ തുടക്കം. പിന്നീട് 5ജി സേവനങ്ങളിലൂടെ മികച്ച രീതിയില്‍ ആശ്രയിക്കാവുന്ന തലത്തിലേക്ക് കണക്റ്റിവിറ്റി ഉയര്‍ത്തി. അതേസമയം ഉയര്‍ന്ന മൂല്യമുള്ള തന്ത്രപരമായ പങ്കാളിത്തങ്ങളിലും ഞങ്ങള്‍ ഏര്‍പെട്ടു,’ ടെലികോം ഈജിപ്റ്റ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ മുഹമ്മദ് നസര്‍ പറഞ്ഞു.
കെയര്‍ എക്‌സ്പര്‍ട്ടുമായുള്ള ഞങ്ങളുടെ പങ്കാളിത്തവും നേരത്തെ പറഞ്ഞ വിഷനില്‍ അധിഷ്ഠിതമായാണ്. ഞങ്ങളുടെ സാങ്കേതിക മികവ് ഹെല്‍ത്ത് കെയര്‍ മേഖലയിലേക്കും പകരുകയാണ്. വളരെ പെട്ടെന്ന് വിന്യസിക്കാന്‍ സധിക്കുന്ന, വിശ്വാസ്യതയാര്‍ന്ന പ്ലാറ്റ്‌ഫോമാണിത്. രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കപ്പെടും. അതേസമയം പ്രവര്‍ത്തന ശേഷി ഇരട്ടിയാക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായുള്ള ഞങ്ങളുടെ അനുഭവ പരിചയം ടെലികോം ഈജിപ്റ്റിന് മികച്ച രീതിയില്‍ സേവനം നല്‍കുന്നതിന് കെയര്‍ എക്‌സ്പര്‍ട്ടിനെ പ്രാപ്തമാക്കുന്നു. അവരുടെ ദേശീയ ഹെല്‍ത്ത് ക്ലൗഡ് പാര്‍ട്ണറാണ് ഞങ്ങള്‍. വിപണിയിലേക്ക് പെട്ടെന്ന് പ്രവേശിക്കാനുള്ള അവസരവും ടെലികോം ഈജിപ്റ്റ് വഴി ലഭ്യമാകും. ഈജിപ്റ്റിലെ ജനങ്ങള്‍ക്ക് ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ വളരെ വേഗത്തിലും വിശ്വാസ്യതയോടെയും നല്‍കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
ഹോസ്പറ്റിലുകളും മെഡിക്കല്‍ സെന്ററുകളുമടക്കം 500ലധികം കേന്ദ്രങ്ങളില്‍ കെയര്‍ എക്‌സ്പര്‍ട്ട് സംവിധാനങ്ങള്‍ പ്രവര്‍ത്തനനിരതമാണ്. ആറ് രാജ്യങ്ങളിലായി 15 മില്യണ്‍ രോഗികള്‍ ഇതിന്റെ ഭാഗമാണ്. അപ്പോളോ, സികെ ബിര്‍ള, റിലയന്‍സ്, എച്ച്‌സിഎല്‍, സിപ്ല, പ്രതിരോധ മന്ത്രാലയം, ബിഎച്ച്ഇഎല്‍, ഡിവിസി, ടാറ്റ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് തുടങ്ങി നിരവധി വന്‍കിട ഇന്ത്യന്‍ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. ഏത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കും ഇവര്‍ സേവനം നല്‍കുന്നു. 2021ല്‍ പ്രവര്‍ത്തനമാരംഭിച്ച കെയര്‍ എക്‌സ്പര്‍ട്ട് മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.