തെലങ്കാനയിലെ മേഡക് ജില്ലയിലെ ബഹുനില കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്, തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ തേടി സംഘങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന പട്ടാഞ്ചേരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതുവരെ 35 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
സിഗാച്ചി ഇന്‍ഡസ്ട്രീസ് പ്ലാന്റിലുണ്ടായ സ്‌ഫോനത്തിന് പിന്നില്‍ ഡ്രയറിലെ തകരാറാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്ലാന്റിലെ തൊഴിലാളികള്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഫോറന്‍സിക് വിദഗ്ധര്‍ ഡിഎന്‍എ വിശകലനത്തിലൂടെ മരിച്ചവരെ തിരച്ചറിയാനുള്ള ശ്രമത്തിലാണ്. ഫയര്‍ സര്‍വീസസ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ടീമുകളില്‍ നിന്നുള്ള 200 ഓളം പേര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രയര്‍ തകരാറാണ് സ്‌ഫോടനത്തിന് കാരണമെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഹൈദരാബാദില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള ഒരു എച്ച്ആര്‍ ബ്ലോക്കും പിന്‍ഭാഗത്തെ കോമ്പൗണ്ട് മതിലും ഭാഗികമായി തകര്‍ന്നു. നിരവധി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി