ഓവല്‍ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയാല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 3-1 എന്ന നിലയില്‍ അവസാനിക്കുമെങ്കിലും തലമുറ മാറ്റത്തിന്റെ തുടക്കമെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിനും കൂട്ടര്‍ക്കും അഭിമാനിക്കാം. ഓവലില്‍ ജയിച്ച് പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലാക്കുകയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.
പരമ്പര നഷ്ടപ്പെട്ടാലും ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാനുള്ള വിദേശ പര്യടനമായിരുന്നു ആന്‍ഡേഴ്‌സണ്‍ – ടെന്‍ഡുല്‍ക്കര്‍ ട്രോഫി. ഇംഗ്ലണ്ടിലെ പേസ് പിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ അടിയറവ് പറയുമെന്ന് പ്രവചിച്ച ക്രിക്കറ്റ് നിരീക്ഷകര്‍ക്കെല്ലാം കണക്കിനു കൊടുത്താണ് ഈ പരമ്പര അവസാനിക്കുന്നത്. എല്ലാ മത്സരങ്ങളും അഞ്ചാം ദിനത്തിലേക്ക് എത്തിയത് അതിന്റെ തെളിവാണ്.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീമാകാനുള്ള അഭിമാനനേട്ടം 68 റണ്‍സ് അകലെയാണ് ഇന്ത്യ കൈവിട്ടത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് പത്ത് ഇന്നിങ്‌സുകളിലായി ഇന്ത്യ നേടിയത് 3809 റണ്‍സാണ്. 42.32 ശരാശരിയിലാണ് ഈ നേട്ടം. ബൗളര്‍മാര്‍ക്കു ആനുകൂല്യം കല്‍പ്പിച്ചിരുന്ന പിച്ചുകളിലാണ് ഇന്ത്യയുടെ ഈ ‘റണ്‍മല’ ഉയര്‍ന്നത്.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടീം ഓസ്‌ട്രേലിയയാണ്. 1989 ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടില്‍ വെച്ച് ആറ് ടെസ്റ്റുകളില്‍ നിന്ന് 57.86 ശരാശരിയില്‍ 3,877 റണ്‍സ്. ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് 68 റണ്‍സ് പിന്നിലാണെങ്കിലും ഓസ്‌ട്രേലിയയുടെ ഒന്നാം സ്ഥാനം ആറ് ടെസ്റ്റുകളില്‍ നിന്നാണെന്നത് ഓര്‍ക്കണം. അതായത് ഇന്ത്യയേക്കാള്‍ ഒരു ടെസ്റ്റ് മത്സരം കുറവ് !
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ടീമെന്ന നേട്ടം ഇന്ത്യ ഇംഗ്ലണ്ടില്‍ കൈവരിച്ചു. അഞ്ച് ടെസ്റ്റുകളില്‍ 422 ഫോറുകളും 48 സിക്‌സുകളും സഹിതം 470 ബൗണ്ടറികള്‍ ഇന്ത്യ നേടി. ഇന്ത്യയുടെ തന്നെ 1964 ലെ 384 ബൗണ്ടറികള്‍ എന്ന നേട്ടം തകര്‍ത്താണ് പുതിയ റെക്കോര്‍ഡ്.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളുള്ള ടീമെന്ന നേട്ടവും ഇന്ത്യക്ക് തന്നെ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 28 ഫിഫ്റ്റി, ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ പിറന്നു.
10 ഇന്നിങ്‌സുകളില്‍ നിന്ന് 754 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ആണ് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് 532 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ മൂന്നാം സ്ഥാനത്തും പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് 516 റണ്‍സുമായി രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തുമുണ്ട്.