വിദ്യാര്‍ഥിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. മുംബൈയിലെ 40 വയസ്സുകാരിയായ സ്‌കൂള്‍ അധ്യാപികയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്തെന്നാണ് ഇംഗ്ലീഷ് അധ്യാപികക്കെതിരായ പരാതി. അധ്യാപികയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് വിദ്യാര്‍ഥി വീട്ടുകാരോട് വിവരം പറയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. . അധ്യാപികയുടെ സുഹൃത്തായ മറ്റൊരു യുവതിക്കെതിരേയും സംഭവത്തില്‍ പോലീസ് കേസെടുത്തു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തിലേറെക്കാലം അധ്യാപിക ലൈംഗികമായി ചൂഷണംചെയ്തെന്നാണ് ആരോപണം. സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനുള്ള നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് 2024 ജനുവരി മുതല്‍ അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണംചെയ്തു വരികയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അധ്യാപികയുടെ അതിക്രമം വിദ്യാര്‍ഥി എതിര്‍ത്തെങ്കിലും മറ്റൊരു പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിദ്യാര്‍ഥിയെ അനുനയിപ്പിക്കുകയായിരുന്നു. കുട്ടി അകന്നു പോവാതെ നോക്കാനും അടുപ്പം തുടരാനുമായി സ്‌കൂളിന് പുറത്തുള്ള തന്റെ സുഹൃത്തായ ഒരു യുവതിയെ അധ്യാപിക ഏര്‍പ്പെടുത്തി. ഈ യുവതി വിദ്യാര്‍ഥിയുമായി നിരന്തരം സംസാരിക്കുകയും അധ്യാപികയുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.
മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധമെല്ലാം സാധാരണമാണെന്ന് പറഞ്ഞാണ് യുവതി വിദ്യാര്‍ഥിയെ അനുനയിപ്പിച്ചത്. അധ്യാപികയും വിദ്യാര്‍ഥിയും നല്ലചേര്‍ച്ചയുള്ളവരാണെന്നും യുവതി നിരന്തരം വിദ്യാര്‍ഥിയോട് പറഞ്ഞിരുന്നു.. ഇതിനുപിന്നാലെ അധ്യാപികയെ കാണാനും ബന്ധം തുടരാനും വിദ്യാര്‍ഥി സമ്മതിച്ചു. തുടര്‍ന്നും വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുപോന്നു.
മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്തിച്ചാണ് അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണം ചെയ്തത്. കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വിവസ്ത്രനാക്കി ഉപദ്രവിച്ചെന്നും മദ്യം കുടിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പീഡനം കാരണം വിദ്യാര്‍ഥിക്ക് മാനസിക-ശാരീരികപ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് അധ്യാപിക തന്നെ ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപികയോട് ദീര്‍ഘാവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.