പ്രിയ ശ്രീനിവാസൻ
ചെന്നൈ :സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയ എം.ജി.ആറും ജയലളിതയും തമിഴ്നാട്ടിൽ സൃഷ്ടിച്ച തരംഗങ്ങൾ തമിഴ് രാഷ്ട്രീയത്തിലേക്ക് സിനിമാ താരങ്ങളുടെ കടന്നുവരവിന് വഴിത്താരയായി മാറി. രജനീകാന്തും കമൽഹസനും വിജയകാന്തും തുടങ്ങി ഇളയ ദളപതി എന്നറിയപ്പെടുന്ന വിജയ് യിൽ എത്തിനിൽക്കുകയാണ് തമിഴ്നാട്ടിലെ താര-രാഷ്ട്രീയ പ്രവേശനം . സിനിമയിലെ ജനപ്രിയതയുടെ പിൻബലത്തിലായിരുന്നു എം.ജി.ആറും ജയലളിതയും രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ചത് . വിജയ്ക്ക് ആ പാത പിന്തുടരാൻ സാധിക്കുമോ എന്നതാണ് തമിഴകം ഉറ്റുനോക്കുന്നത്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ വേറിട്ടൊരു ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ദ്രാവിഡ പ്രമുഖ പാർട്ടികളായ ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം), എ.ഐ.എ.ഡി.എം.കെ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) എന്നിവർ പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന തമിഴ്നാട് രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലേക്കു നടന് വിജയ് യുടെ തമിഴക വെട്രി കഴകം-ടി.വി.കെ കൂടി എത്തിക്കഴിഞ്ഞു. ആദ്യം തിരഞ്ഞെടുത്ത തീരദേശമണ്ഡലമായ രാമനാഥപുരം ഒഴിവാക്കി വിജയ് അണ്ണാ ഡി എം കെ യുടെ തട്ടകമായ മധുര വെസ്റ്റ് മണ്ഡലത്തിൽ മത്സരിക്കാനാണ് സാധ്യത. 1980 ൽ എം ജി ആർ ആദ്യം മത്സരിച്ചു ജയിച്ച മണ്ഡലം എന്ന ചരിത്രമുണ്ട് മധുര വെസ്റ്റ് മണ്ഡലത്തിന്. സൂചനയ്ക്കു ബലം നൽകുന്ന വിധത്തിൽ ടി.വി.കെ പ്രവർത്തകർ മണ്ഡലത്തിൽ പോസ്റ്ററുകൾ അടിച്ചു തുടങ്ങി .കഴിഞ്ഞ ദിവസത്തെ വിജയ് യുടെ മധുര സന്ദർശനം കൂടി ഈയവസരത്തിൽ കൂട്ടിവായിക്കേണ്ടതുണ്ട്.

തന്റെ ഫാൻസ് അസ്സോസിയേഷനുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് 2024 ,ഫെബ്രുവരി 2 നു വിജയ് തമിഴക വെട്രി കഴകം രൂപീകരിച്ചത്. തമിഴ് ജനതയുടെ താരാരാധന മുൻനിർത്തി രാഷ്ട്രീയത്തിലേക്ക് വന്ന മുൻഗാമികളെ അപേക്ഷിച്ചു വിജയ് നേരിടേണ്ടി വരുന്നത് തമിഴകത്തിന്റെ മാറിയ രാഷ്ട്രീയ ചിന്താഗതിയെയാണ് .രജനീകാന്തിനും കമൽഹസ്സനും വിജയകാന്തിനും തങ്ങളുടെ രാഷ്ട്രീയ പ്രവേശന വിളംബരത്തിൽ സൃഷ്ടിച്ച ഓളം തീർക്കാൻ വിജയ് യ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും ഒരു വർഷം പോലും തികയാത്ത ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം നടൻ എന്ന നിലയിലുള്ള വിജയ് യുടെ ജനപ്രീതിയെ അത്ര വിലകുറച്ച് കാണാനാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
നേരിടേണ്ട വെല്ലുവിളികൾ
താരാരാധനയ്ക്കു അപ്പുറം തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തമിഴ് ജനതയ്ക്കു ബോധ്യപ്പെടുത്തുക എന്നത് വിജയ് യെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ എം.കെ. സ്റ്റാലിനെ വെല്ലുവിളിക്കാൻ പര്യാപ്തമാകേണ്ടതുണ്ട്. രാഷ്ട്രീയക്കളരിയിൽ ശിശുവായ ടി.വി.കെയെ നയിച്ച് ,2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പുറത്തിറക്കി ഭരണകക്ഷിയായ ഡി.എം.കെ.യുടെ അടിത്തറ ഇളക്കുക എന്ന വൻ പ്രൊജക്റ്റ് ആണ് വിജയ് യുടെ മുന്നിലുള്ളത്.
പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടു വിജയ് ഈ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെ തമിഴ്നാട് മുഴുവൻ പര്യടനം ആരംഭിക്കാൻ ഒരുങ്ങുകയാണ്.ബിജെപിയുമായി ഒരു സഖ്യത്തിലും ഏർപ്പെടില്ലെന്ന തന്റെ മതേതര നിലപാട് മുൻനിർത്തിയുള്ള പര്യടനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും എന്നാണ് വിലയിരുത്തുന്നത്.
നിലവിൽ തമിഴ് രാഷ്ട്രീയത്തിൽ ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യുമാണ് മുഖ്യ എതിരാളികൾ.ഇവർക്കിടയിലേക്കു ടി.വി.കെ കടന്നുവരുന്നതോടെ മത്സരത്തിന്റെ സ്വഭാവത്തിന് മാറ്റം വരും.സ്വന്തം സിനിമയിലൂടെ വെളിപ്പെടുത്തുന്ന അഴിമതിയും കെടുകാര്യസ്ഥതയും ജനക്ഷേമ പദ്ധതികളുമാവും വിജയ് പ്രധാന പ്രചാരണ തന്ത്രങ്ങളാക്കാൻ സാധ്യത കൂടുതൽ.
ബിജെപിയാണ് നമ്മുടെ പ്രത്യയശാസ്ത്ര എതിരാളിയെന്നും ഡിഎംകെയാണ് നമ്മുടെ രാഷ്ട്രീയ എതിരാളിയെന്നും പ്രഖ്യാപിച്ചു കൊണ്ട് എം.കെ. സ്റ്റാലിൻ സർക്കാരിനെ ജനവിരുദ്ധമെന്ന് വിശേഷിപ്പിച്ച വിജയ് , ദ്രാവിഡ മോഡലിന്റെ മറവിൽ ഡി.എം.കെ പൊതുജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ആരോപണങ്ങളും വിമർശനങ്ങളും രാഷ്ട്രീയ വോട്ട് ആയി മാറുമോ എന്നതാണ് പ്രധാന വെല്ലുവിളി.

ഡി.എം.കെയെ ശത്രുപക്ഷത്തു നിർത്തിയെങ്കിലും , പെരിയാർ, മുൻ തമിഴ് മുഖ്യമന്ത്രി കെ. കാമരാജ്, ബി.ആർ. അംബേദ്കർ, റാണി വേലു നാച്ചിയാർ, അഞ്ജലൈ അമ്മാൾ എന്നിവരുടെ പാരമ്പര്യങ്ങൾ പിന്തുടരുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളായി സ്വീകരിച്ച ആദ്യത്തെ പാർട്ടി എന്ന നിലയിൽ ടി.വി.കെ വേറിട്ട രാഷ്ട്രീയം പ്രകടിപ്പിച്ചിട്ടുണ്ട്.
2021 ഒക്ടോബറിൽ, വിജയ്യുടെ ഫാൻസ് സംഘടനയായ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 169 സീറ്റുകളിൽ മത്സരിക്കുകയും 113 സീറ്റുകൾ നേടുകയും ചെയ്തിരുന്നു. താരാരാധന വോട്ടായി മാറിയതാണെന്നും അല്ലെന്നും അന്ന് രണ്ടു അഭിപ്രായം തമിഴ് രാഷ്ട്രീയത്തിൽ ഉടലെടുത്തിരുന്നു. എന്നാൽ കമൽ ഹസന്റെയും (മക്കൾ നീതി മയ്യം) സീമാന്റെയും (നാം തമിഴർ കച്ചി) പാർട്ടികൾ അന്ന് പരാജയപ്പെട്ടിരുന്നു. ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലമാണ് വിജയ് യുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് വഴിതെളിച്ചത് .അഞ്ചു വർഷത്തിന് ശേഷം 2026 ലെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ 2021 ആവർത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
പാർട്ടിയുടെ രാഷ്ട്രീയ പ്രസക്തിക്ക് നിർണായകമായ പിന്തുണ നൽകാൻ ഉന്നതതലത്തിൽ ശക്തമായ ഒരു രാഷ്ട്രീയ-തിരഞ്ഞെടുപ്പ് ടീം വിജയ്ക്ക് ഇതുവരെ ഇല്ല എന്നാണ് രാഷ്ട്രീയ നിരൂപകൻ എൻ. സത്യ മൂർത്തി പറയുന്നത്. യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വിജയ്ക്കുള്ള ഫാൻസുകൾ വോട്ടായി മാറുമോ എന്നതും ചർച്ചാ വിഷയമാണ്.നിലവിലെ സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സൗഹൃദ പദ്ധതികൾ വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കും എന്നതും ഒരു ഘടകമാണ്.
യഥാര്‍ത്ഥ ജീവിതത്തില്‍ താങ്കള്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രി ആയാല്‍ എന്തുചെയ്യും എന്ന നടൻ പ്രസന്നയുടെ ചോദ്യത്തിന് ജീവിതത്തില്‍ മുഖ്യമന്ത്രി ആയാല്‍ ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയായി ജനങ്ങള്‍ക്ക് മുന്നില്‍ നടിക്കില്ല എന്ന വിജയ് യുടെ മറുപടി നടനിൽ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള ആത്യന്തികമായ ചുവടുവെപ്പ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
വിജയ് യുടെ വരവോടെ സ്റ്റാലിൻ കൂടുതൽ ശ്രദ്ധാലുവായി എന്നാണ് മനസിലാക്കേണ്ടത്. അടുത്ത തലമുറയെ ഭദ്രമാക്കിക്കൊണ്ടായിരുന്നു ഡി.എം.കെയുടെ കരുനീക്കം. ഉദയനിധി സ്റ്റാലിനെ ഏറ്റവും സുരക്ഷിതമായി പ്രതിഷ്ഠിച്ചു കഴിഞ്ഞു.നിലവിലെ തമിഴ്നാട് രാഷ്ട്രീയത്തില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ.യ്ക്ക് ശക്തമായ ഒരു എതിരാളി ഇല്ല എന്നുപറയാം. ജയലളിതയുടെ മരണശേഷം അണ്ണാ.ഡി.എം.കെ തകർന്നു തരിപ്പണമായി .ഇവിടെയാണ് സ്റ്റാലിന് കളമറിഞ്ഞു കളിക്കുന്നത്.കേന്ദ്രസര്‍ക്കാറിന്റെ തമിഴ്നാട്ടിലേക്ക് കടന്നുകയറാനുള്ള ഓരോ നീക്കത്തെയും സ്റ്റാലിന് ശക്തമായി എതിർത്ത് വരുന്നു. ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്നു.സംസ്ഥാനത്തുടനീളം വനിതാ സ്വയം സഹായ ഗ്രൂപ്പുകൾ വ്യാപകമാക്കി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്നു. ഇതിനിടയിൽ ടി.വി.കെ എന്ത് കളി കളിക്കും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
