കൂർഗ് മേഖലയിൽ ഏറ്റവും ഉയരം ഉള്ളതും കര്‍ണാടകയിൽ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ തടിയന്റമോള്‍ ട്രക്കിങ് ഇഷ്ടപെടുന്നവരുടെ പറുദീസയാണ്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഭാഗമണ്ഡല റിസര്‍വ് വനത്തിലാണ് തടിയന്റെ മോൾ കൊടുമുടി സ്ഥിതിചെയ്യുന്നത്.
സമുദ്ര നിരപ്പില്‍നിന്ന് 1,748 മീറ്റര്‍ ഉയരത്തിലാണ് ഈ കൊടുമുടി. കുടകിലെ പ്രാദേശികഭാഷയായ ‘ കൊടവ ‘ യില്‍ ‘ വലിയമല ‘ എന്നാണ് അര്‍ഥം. തടിയന്റമോൾ എന്ന പേര് മലയാളത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും പറയപ്പെടുന്നുണ്ട്. മൈസൂരുവില്‍ നിന്ന് 140 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മനോഹരമായ പുൽമേടുകളും, കുന്നിൻ ചരിവുകളും,ശാന്തമായ അന്തരീക്ഷവും ഇവിടുത്തേക്ക് ആരെയും ആകർഷിക്കും.
ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കൂർഗിലെ കക്കബെയിലെ ഗോത്ര ജനവിഭാഗമായ കൊടവകളുടെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ഇഗ്ഗുത്തപ്പ ദേവന് സമർപ്പിച്ചിരിക്കുന്ന പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം.1810 ൽ ലിംഗരാജേന്ദ്ര രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇവിടെ ദേവതയെ ധാന്യദാതാവ് ആയി ആരാധിക്കുന്നു. കൊടുമുടിയിലെത്തുന്നതിന് ഏതാനും കിലോമീറ്റർ മുമ്പാണ് ഈ ക്ഷേത്രം.
കുന്നിൻ ചുവട്ടിലുള്ള നാലക് നാട് കൊട്ടാരം ചരിത്ര പ്രാധാന്യമുള്ളതാണ്. 1792-ൽ ദൊഡ്ഡ വീരരാജേന്ദ്ര തന്റെ സൈന്യത്തിന് സുരക്ഷിതമായ അഭയം നൽകുന്നതിന് വേണ്ടിയാണ് ഇത് നിർമ്മിച്ചത്. നാലക്‌നാട് കൊട്ടാരം മുതൽ തടിയന്റമോൾ കൊടുമുടി വരെയുള്ള ട്രെക്കിംഗ് കുടകിലെ സാഹസിക പ്രവർത്തനമാണ്.
തടിയന്റമോൾ കൊടുമുടിയിൽ ഒരു വശത്തേക്കുള്ള ട്രെക്കിങ് ഏകദേശം 7 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ആന ഇറങ്ങുന്നതിനാൽ ഇവിടെ ക്യാമ്പിംഗ് അനുവദനീയമല്ല. ഷോല വന നിരകളുടെയും താഴ്‌വരകളുടെയും മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയും
കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും തടിയന്റമോളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ബാംഗ്ലൂർ ആണ് ഇവിടെ എത്തിച്ചേരൻ ഏറ്റവും അടുത്തുള്ള വിമാനത്താ വളവും റയിൽവേ സ്റ്റേഷനും. തടിയന്റമോളിൽ നിന്ന് 321 കിലോമീറ്റർ അകലെയുള്ള ബാംഗ്ലൂരാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. മടിക്കേരിയിൽ നിന്ന് 43 കിലോമീറ്ററും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 90 കിലോമീറ്ററും അകലെയാണ് ഈ കൊടുമുടി. തടിയന്റമോളിൽ നിന്ന് 20 കിലോമീറ്റർ അകലെ നാപോക്ലു ഗ്രാമം വരെ പൊതുഗതാഗതം ലഭ്യമാണ്. നാപോക്ലുവിൽ നിന്ന് നാലക്നാട് കൊട്ടാരം വരെ ജീപ്പുകൾ ലഭ്യമാണ്. യാത്രയ്ക്ക് ഇരു ചക്ര വാഹനങ്ങളും, നാലു ചക്ര വാഹനങ്ങളും ഉപയോഗിക്കാം.