തൃശൂര്‍: വോട്ടർ പട്ടിക വിവാദം ചൂടുപിടിക്കുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിയ സുരേഷ് ഗോപി, ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന ഒറ്റ വാക്കിൽ പ്രതികരണം ഒതുക്കി. ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ സുരേഷ് ഗോപി അശ്വിനി ആശുപത്രിലെത്തി കണ്ടു.
ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിയോയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. ആരോപണം പാർട്ടി തള്ളിയിരുന്നു. ഇന്നലെ തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെയാണ് റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. സുരേഷ്ഗോപിക്ക് നേരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്നും സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എംപി ഓഫീസിൽ നിന്നും പോകുന്ന വഴി, മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് കേന്ദ്രമന്ത്രി സന്ദർശിച്ചു. പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ സിസ്റ്ററുടെ വീട്ടിൽ മന്ത്രിയെത്തിയത്. 15 മിനിറ്റോളം വീട്ടിൽ തുടർന്ന മന്ത്രി സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു.