ന്യൂഡൽഹി: സംസ്ഥാനത്തെ സർവകലാശാലകളിലെ സ്ഥിരം വിസി നിയമന വിഷയത്തിൽ സുപ്രീംകോടതിയിൽ ഗവർണർക്ക് തിരിച്ചടി. സെർച്ച് കമ്മിറ്റി സർക്കാരിന് രൂപീകരിക്കാമെന്നും സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നത് എന്തിനാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കറോട് കോടതി ആരാഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ ചർച്ച നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.
സുപ്രീംകോടതി നിർദേശം മറികടന്നും ചട്ടം ലംഘിച്ചും ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക് പുനർനിയമനം നൽകിയ ഗവർണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാർ ശുപാർശ ചെയ്യുന്ന പട്ടികയിൽ നിന്നാവണം നിയമനം നടത്തേണ്ടതെന്ന സുപ്രീംകോടതി നിർദേശം ചാൻസലർ കൂടിയായ ഗവർണർ അട്ടിമറിച്ചുവെന്ന് സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ വ്യക്തമാക്കുന്നു.
നേരത്തെ വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വിസി.മാരായി പുനർനിയമിച്ച് ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.