ഡൽഹി : കീം റാങ്ക് പട്ടിക പുന:ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാർഥികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി സർക്കാരിന് നോട്ടീസയച്ചില്ല. സർക്കാർ അപ്പീൽ നൽകുമോയെന്നാണ് കോടതി ചോദിച്ചത്.ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് ജസ്റ്റിസ് നരസിംഹ സൂചിപ്പിച്ചു. കേരള വിദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഹാജരായി.
കേരള സർക്കാർ നയത്തിലല്ല, കൊണ്ടുവന്ന രീതിയാണ് പ്രശ്നമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയാണ് കേരള സിലബസിലുള്ള വിദ്യാർത്ഥികൾ നേരിട്ടതെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. പരീക്ഷാഫലത്തിന് ഒരു മണിക്കൂർ മുമ്പാണ് മാറ്റം വരുത്തിയതെന്നും ഹർജിക്കാർ അറിയിച്ചു.തുടർന്ന് സർക്കാർ അപ്പീൽ നൽകുമോ എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. പ്രവേശന പരീക്ഷകളെ ബാധിക്കുന്ന തരത്തിൽ നിലപാടെടുക്കാതിരുന്ന കോടതി കേരളത്തിന്റെ നിലപാട് സ്റ്റാൻഡിംഗ് കൗൺസലിനോട് ചോദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.
തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പ്രൊസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. പ്രവേശന നടപടികള്‍ക്ക് കാലതാമസം നേരിടുമെന്നതിനാല്‍ അപ്പീലിന് ഇല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.