ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ ചാക്കിലാക്കി കൂട്ടിയിട്ട നിലയിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാർശയ്ക്കെതിരെ ജസ്റ്റിസ് യശ്വന്ത് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തന്റെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അത് തള്ളണമെന്നുമാണ് യശ്വന്ത് വർമ ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ സമിതി ആവശ്യത്തിന് സമയം നൽകുകയും അഭിപ്രായം തേടുകയും ചെയ്തിരുന്നതായി കോടതി വ്യക്തമാക്കി.
ആ ഘട്ടത്തിൽ യശ്വന്ത് വർമയുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുമുള്ള എതിർപ്പ് ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ ഘട്ടചത്തിൽ എതിർപ്പ് ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറയുന്നു. ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ വൻതോതിൽ പണം കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. യശ്വന്ത് വർമയ്‌ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്.
പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിനു തെളിവുകളുണ്ടെന്നും യശ്വന്ത് വർമയോ വർമയുമായി ബന്ധപ്പെട്ടവരോ അറിയാതെ വസതിയിൽ പണം സൂക്ഷിക്കാൻ ആകില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കണക്കിൽപ്പെടാത്ത തുക കൈവശം വെച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിയിച്ചത്. നിതിനിർവഹണം നടത്തേണ്ട ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന നിയമലംഘനത്തെ ലളിതമായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
64 പേജുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. 55 പേരുടെ മൊഴിയാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. പണം കണ്ടെത്തിയ സ്റ്റോർ മുറിയിൽ യശ്വന്ത് വർമയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രമായിരുന്നു പ്രവേശിച്ചിരുന്നത്. പുറത്തുനിന്നുള്ളവർക്ക് അനുമതിയില്ല. പ്രവേശനം നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ മതിയായ തെളിവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. നിലവിൽ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് വർമ. പണം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ അലഹബാദിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് വര്‍മയ്‌ക്കെതിരേ അന്വേഷണത്തിന് തീരുമാനമെടുത്തത്.
യശ്വന്ത് വര്‍മയ്‌ക്കെതിരെ നടപടി വേണമെന്ന് ചില ജഡ്ജിമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വർമ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് കെട്ടുകണക്കിനു പണം കണ്ടെത്തിയത്. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്നു സ്ഥിരീകരിച്ചു. എന്നാൽ പിന്നീട് ഈ പണത്തിൽ നല്ലൊരു പങ്കും കാണാതായി എന്നും അത് വീട്ടുകാരുടെ അറിവോടെ മാറ്റിയതാണെന്നും വിമർശനം ഉയർന്നിരുന്നു.
ഇന്ത്യൻ ജുഡിഷ്യറിയിൽ അഴിമതി ആരോപണവും രാഷ്ട്രീയ ഇടപെടലും ശക്തമാണെന്ന ആക്ഷേപം തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നോക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിരുന്നു. അങ്ങനെയാണ് ദില്ലിയിൽ നിന്ന് വർമയെ അലഹബാദിലേക്ക് സ്ഥലം മാറ്റി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർമക്കെതിരെ റിപ്പോർട്ട് വന്നാൽ കോടതി നടപടികളിൽ നിന്നും പദവിയിൽ നിന്നും മാറ്റി നിർത്തും. പണത്തിന്റെ സോഴ്സ് വെളിപ്പെടുത്താൻ അന്വേഷണവും ശക്തമാക്കും.