ന്യൂഡൽഹി: പാലിയേക്കര ടോൾ വിഷയത്തിൽ ദേശിയ പാത അതോറിറ്റിക്കെതിരെ സുപ്രീംകോടതിയും. ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് സുപ്രീം കോടതിയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് ചോദിച്ചു. റോഡിന്റെ മോശം അവസ്ഥ തനിക്കും നന്നായി അറിയാമെന്ന് രണ്ടാംഗ ബെഞ്ചിലെ മറ്റൊരു ജഡ്ജായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും പറഞ്ഞു.
ജനങ്ങളിൽനിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിതെന്ന് കോടതി നിരീക്ഷിച്ചു. റോഡ് നിർമാണത്തിലെ കാലതാമസം പരിഹരിക്കാനാണ് ഫെബ്രുവരി മുതൽ ഹൈക്കോടതി ശ്രമിച്ചതെന്നും അനുകൂല പ്രതികരണം ഇല്ലാത്തതിനെ തുടർന്നാണ് ടോൾപ്പിരിവി നിർത്തിവയ്ക്കാനുള്ള ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി. റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള്‍ പ്ലാസയിലെ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയത്. നാലാഴ്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കോടതി നിര്‍ദേശം നല്‍കി. ദേശീയപാതയില്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
തൃശൂർ എറണാകുളം ഹൈവേയിൽ രണ്ട് മണിക്കൂർ ദൈർഘ്യത്തിലുള്ള ദൂരം താണ്ടാൻ മൂന്നര – നാല് മണിക്കൂർ എടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ കോടതിയെ സമീപിച്ചിത്. ഒരു മാസത്തിനകം റോഡ് ഗതാഗതം പുനസ്ഥാപിക്കണം എന്നാണ് ആവശ്യം. കൃത്യസയത്ത് റോഡിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണം.