റിയാദ്: വേനലിൽ വെന്തുരുകുന്ന റിയാദില്‍ ആദ്യമായി നടത്തിയ ക്ലൗഡ് സീഡിങ് വിജയത്തിലേക്ക്. റിയാദിന്‍റെ വടക്കുകിഴക്കുള്ള റുമാ ഗവർണറേറ്റിൽ വേനൽക്കാലത്ത് ആദ്യമായി ക്ലൗഡ് സീഡിങ് പരിപാടി വിജയകരമായി നടപ്പിലാക്കിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴക്കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കൃത്രിമമായി മഴ സൃഷ്ടിക്കുകയോ മഴയുടെ അളവ് വർധിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്.
എന്താണ് ക്ലൗഡ് സീഡിംഗ്
മേഘങ്ങളിൽ സിൽവർ അയോഡൈഡ് (Silver Iodide), സോഡിയം ക്ലോറൈഡ് (Sodium Chloride), ഡ്രൈ ഐസ് (Dry Ice) മുതലായ രാസവസ്തുക്കൾ വിമാനം, റോക്കറ്റ്, അല്ലെങ്കിൽ ഡ്രോൺ എന്നിവയുടെ സഹായത്തോടെ മേഘങ്ങളിൽ വിതറും. ഇത് ജലത്തെ ആകർഷിക്കുകയും മഴ മേഘങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. തുടർന്ന് മഴ പെയ്യുകയും ചെയ്യും. മേഖലയിലെ മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ മഴയുടെ തോത് ഉയര്‍ത്തുക, ജലസ്രോതസ്സുകളുടെ ഉപയോഗം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. റുമാ മേഖലയിലെ ക്ലൗഡ് സീഡിങ് വിജയകരമായി നടപ്പിലാക്കാനായത് ഭാവിയിൽ അനവധി പദ്ധതികൾക്കുള്ള മുന്നൊരുക്കമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മേഘങ്ങളുടെ പ്രത്യേക ഭാഗങ്ങളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ വിതറി മഴത്തുള്ളികൾ രൂപപ്പെടുത്തുന്നതിന് മേഘങ്ങളെ ഉത്തേജിപ്പിക്കുന്ന നൂതന ശാസ്ത്രീയ സാങ്കേതിക വിദ്യകളെയാണ് ഈ പദ്ധതി ആശ്രയിക്കുന്നത്. പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ എയര്‍ക്രാഫ്റ്റുകളും പരിശീലനം ലഭിച്ച ഓപ്പറേഷനല്‍ സംഘങ്ങളുമാണ് ഈ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ജലസുരക്ഷയും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.
വിവിധ നാടുകളിൽ PM2.5, PM10 പോലുള്ള വായു മലിനീകരണ വസ്തുക്കളെ കഴുകിക്കളയാൻ ക്ലൗഡ് സീഡിംഗ് പരിഗണിക്കപ്പെട്ടിട്ടുണ്ട്. ക്ലൗഡ് സീഡിങ്ങിനായി ഉപയോഗിക്കുന്ന സിൽവർ അയോഡൈഡിന്റെ ഉപയോഗം പാരിസ്ഥിതിക ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും, കുറഞ്ഞ സാന്ദ്രതയിൽ ഇത് സാധാരണയായി സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. ആഗോളതലത്തിൽ 1940-കൾ മുതൽ ക്ലൗഡ് സീഡിങ് രംഗത്തു പ്രാരംഭ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.