ആലപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ പേവിഷബാധ മൂലം മരിച്ചു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന് നായര്‍ (65) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുന്‍പാണ് ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിവരുന്ന ഗോപിനാഥന് വൈകീട്ട് തിരുവന്വണ്ടൂരില്നിന്നും തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോകുന്ന വഴി പിറകേ നായ ഓടിവന്നതിനെ തുടര്‍ന്ന് ഭയന്ന് റോഡില്‍ വീഴുകയും നായയുടെ നഖം കാലില്‍ കൊണ്ട് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് തെരുവുനായയുടെ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് സാരമായി പരിക്കേറ്റു. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പെടെ ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. നായയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് തെരുവ് നായ അക്രമാസക്തമായി ആളുകളെ ആക്രമിക്കാന്‍ തുടങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പോത്തന്‍കോട് ജംഗ്ഷന് മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെ വഴിനീളെ നായ ആക്രമണം തുടര്‍ന്നു.
പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലും മേലേമുക്കിലും തുടര്‍ന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. പരിക്കേറ്റ എല്ലാവര്ക്കും കാലിലാണ് കടിയേറ്റിട്ടുള്ളത്. എല്ലാവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. നായയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കടിയേറ്റ് ചികിത്സ തേടിയവര്‍ക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കി. ആന്റി റാബിസ് ഇന്ജക്ഷന് ഉള്‍പ്പെടെ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം കണ്ണൂരില്‍ നൂറിലധികം പേര്‍ക്ക് തെരുവ് നായ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കോഴിക്കോടും മലപ്പുറത്തും പത്തംതിട്ടിയും സമാന രീതിയിലുള്ള ആക്രമണം ശക്തമായിരുന്നു.