സാങ്കേതികവിദ്യയുടെ മുന്നേറ്റവും ചെലവ് കുറയുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ ഉൾപ്പെടെ ഭാവിയിലെ വാഹനങ്ങളിൽ സ്റ്റിയർ-ബൈ-വയർ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ട്.
പ്രിയ ശ്രീനിവാസൻ
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഹൈ-എൻഡ് പുതുതലമുറ വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്ന, സ്റ്റിയറിംഗിന്റെ സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ കൂടുതൽ ബ്രാൻഡുകളിലേക്ക് എത്തുന്നു. സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യയിൽ സ്റ്റീയറിങ്ങിന് വീലുകളുമായുള്ള മെക്കാനിക്കൽ കണക്ഷൻ ഇല്ലാതാക്കുന്നു എന്നതാണ് പ്രത്യേകത.
അത്തരത്തിൽ ഏറ്റവും പുതിയ മോഡിഫിക്കേഷനുമായി എത്തുകയാണ് മെഴ്‌സിഡസ് ബെൻസ്. ഡ്രൈവറും ടേണിംഗ് വീലുകളും തമ്മിലുള്ള മെക്കാനിക്കൽ കണക്ഷനുകൾ ഇല്ലാതാക്കി, സെൻസറുകളെയും ഇലക്ട്രിക് ആക്യുവേറ്ററുകളെയും ആശ്രയിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ ജർമ്മൻ നിർമ്മാതാവായിരിക്കും മെഴ്‌സിഡസ്.
ഒരുകാലത്ത് വാഹന നിരോധിത മേഖലയിലായിരുന്നു സ്റ്റിയർ-ബൈ-വയറിന്റെ സ്ഥാനം. ഡ്രൈവറും വീലുകളും തമ്മിലുള്ള ബന്ധം യാന്ത്രികമായിരിക്കണമെന്ന നിയമനിർമ്മാണത്തെ തുടർന്നായിരുന്നു ആ തീരുമാനം. 2003-ൽ UNECE റെഗുലേഷൻ 79 പ്രകാരം നിയമത്തിൽ ഭേദഗതി വരുത്തി. യൂറോപ്പിൽ സ്റ്റിയർ-ബൈ-വയർ നിയമവിധേയമാക്കി. മെഴ്‌സിഡസിന്റെ സിസ്റ്റത്തിൽ സുരക്ഷ പ്രധാനമായും ഡ്യൂപ്ലിക്കേറ്റ് നിയന്ത്രണങ്ങളിലൂടെയാണ് പരിപാലിക്കുന്നത്, അതിനാൽ ഡ്രൈവറിനും സ്റ്റിയറിംഗിനും ഇടയിലുള്ള ഒരു ഇലക്ട്രോണിക് ലിങ്ക് പരാജയപ്പെട്ടാൽ, മറ്റൊരു സംവിധാനം ആ സ്ഥാനം ഏറ്റെടുക്കും.
മെഴ്‌സിഡസിന്റെ സ്റ്റിയറിംഗ് ഫീഡ്‌ബാക്ക് യൂണിറ്റ് (SFU) ഡ്രൈവറുടെ നിർദേശങ്ങളെ ഒരു ഇലക്ട്രോണിക് സിഗ്നൽ സ്റ്റിയറിംഗ് റാക്ക് യൂണിറ്റിലേക്ക് (SRU) അയയ്ക്കുന്നു, ഈ സംവിധാനം ആണ് സ്റ്റിയറിംഗിനെ നിയന്ത്രിക്കുന്നത്. മെക്കാനിക്കൽ കണക്ഷനില്ല എന്നതിനാൽത്തന്നെ സ്റ്റിയറിംഗ് ടോർക്കോ ഫീലോ ഉണ്ടാവില്ല.
സ്റ്റിയർ-ബൈ-വയർ സിസ്റ്റങ്ങൾ അത്ര ലളിതമല്ല. കൂടാതെ ഓരോ നിർമ്മാതാവും മോഡൽ-ബൈ-മോഡൽ അടിസ്ഥാനത്തിൽ കാര്യക്ഷമത കൂട്ടാനായി പുതിയ സാങ്കേതികത്വങ്ങൾ പരീക്ഷിച്ച് വരുന്നു. മെഴ്‌സിഡസ് ഇതിനകം 6 ,21,000 മൈലിലധികം (ഒരു ദശലക്ഷം കിലോമീറ്റർ) ബെഞ്ച് ടെസ്റ്റിംഗ് നടത്തിയിട്ടുണ്ട്.
സ്റ്റിയറിംഗ് വീൽ ആംഗിളും ഫീഡ്‌ബാക്കിന്റെ അളവും സജ്ജീകരിക്കാനുള്ള എളുപ്പത്തോടൊപ്പം പാക്കേജിംഗിലും രൂപകൽപ്പനയിലും സ്റ്റിയർ-ബൈ-വയർ സംവിധാനം ഗുണം ചെയ്യും. കൂടാതെ നിയന്ത്രണം കൂടുതൽ കൃത്യവുമാണ്. മികച്ച കാഴ്ച ആസ്വാദനത്തിനായി ചതുരാകൃതിയിലുള്ള സ്റ്റിയറിംഗ് വീൽ നൽകാം എന്നാണ് കമ്പനിയുടെ അഭിപ്രായം. കൂടാതെ വീൽ 240 ഡിഗ്രി തിരിഞ്ഞാൽ മാത്രമേ പൂർണ്ണമായും ലോക്ക് ആവുകയുള്ളൂ.
ചില ആഡംബര വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും സ്റ്റിയർ-ബൈ-വയർ സിസ്റ്റങ്ങൾ ഉൾപ്പെടുത്തിയതോടെ ആഗോളതലത്തിൽ വളരെ പ്രചാരം നേടുന്നുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ ഇതിനോട് പരീക്ഷണാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചില കൺസെപ്റ്റ് കാറുകൾ, ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ), പരീക്ഷണ മോഡലുകൾ എന്നിവയിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്.
സ്റ്റിയർ-ബൈ-വയർ സംവിധാനങ്ങൾ നിർമ്മിക്കാൻ വളരെ സങ്കീർണ്ണവും ചെലവേറിയതുമാണ്, അതിനാൽ തന്നെ ബജറ്റ് സൗഹൃദ വാഹനങ്ങളിൽ സംവിധാനം കൊണ്ടുവരാൻ സാധ്യത കുറവാണ്. സാങ്കേതികവിദ്യയുടെ മുന്നേറ്റവും ചെലവ് കുറയുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ ഉൾപ്പെടെ ഭാവിയിലെ വാഹനങ്ങളിൽ സ്റ്റിയർ-ബൈ-വയർ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ട്.
അന്താരാഷ്‌ട്ര വിപണിയിൽ നിയോ ഇടി 9, ടെസ്‌ല സൈബർട്രക്ക് (പ്രൊഡക്ഷൻ ബാറ്ററി ഇലക്ട്രിക് വാഹനം (BEV)), ലെക്സസ് RZ 450e, പോർഷെ കെയ്മാൻ GT4, എന്നീ വാഹനങ്ങളിലും സ്പോർട്സ് വാഹനങ്ങളിലും ഇതിനകം തന്നെ സ്റ്റിയർ-ബൈ-വയർ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2025 പകുതിയോടെ ടൊയോട്ട bZ4X ഇലക്ട്രിക് ക്രോസ്ഓവറിൽ സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ടൊയോട്ട പദ്ധതിയിടുന്നുണ്ട്.