എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലേക്കും എത്തുന്നതിന്റെ ആവേശത്തിലാണ് ആളുകൾ. എന്നാൽ സ്റ്റാർലിങ്കിന് രാജ്യത്ത് പരമാവധി 20 ലക്ഷം കണക്ഷനുകൾ മാത്രമേ നൽകാനാകു. കേന്ദ്ര വാർത്തവിനിമയ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഎസ്എൻഎല്ലിനെയും രാജ്യത്തെ മറ്റ് ടെലികോം കമ്പനികളെയും സ്റ്റാർലിങ്കിന്റെ വരവ് പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഎസ്എൻഎല്ലിന്റെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം. “സ്റ്റാർലിങ്കിന് പരമാവധി 20 ലക്ഷം ഉപഭോക്താക്കൾക് മാത്രമേ സേവനം നൽകാൻ കഴിയൂ. അതും 200 എംബിപിഎസ് വരെ വേഗതയിൽ മാത്രം. അതിനാൽ മറ്റ് ടെലികോം സേവനങ്ങൾക്ക് ഇത് ഒരു ഭീഷണിയാകില്ല,” അദ്ദേഹം വ്യക്തമാക്കി.
ബിഎസ്എൻഎല്ലിന്റെ ഫോർ ജി സേവനങ്ങൾ പൂർണമായി റോളൗട്ട് ചെയ്തതായും നിലവിൽ ടാരിഫ് വർദ്ധിപ്പിക്കാനുള്ള ആലോചനയില്ലെന്നും മന്ത്രി അറിയിച്ചു.
4ജി സേവനങ്ങൾ വ്യാപകമാക്കിയതിന്റെ ഫലമായി ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ബിഎസ്എൻഎല്ലിന്റെ വരുമാനം 20-30 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബിഎസ്എൻഎല്ലിന് വലിയ സാന്നിധ്യമുള്ള ഗ്രാമപ്രദേശങ്ങളിലും അതിർത്തി പ്രദേശങ്ങളിലുമായിരിക്കും സ്റ്റാർലിങ്ക് തങ്ങളുടെ സ്വാധീനമുറപ്പിക്കുകയെന്നാണ് വിലയിരുത്തൽ. സ്റ്റാർലിങ്ക് ലക്ഷ്യമിടുന്നത് ഗ്രാമീണ മേഖലയെയാണെന്ന് പറയുമ്പോഴും താരതമ്യേന ഉയർന്ന നിരക്കായതിനാൽ അത്ര വേഗം വിപണിയിൽ സജീവമാകുക ബുദ്ധിമുട്ടായിരിക്കും. ഇന്റർനെറ്റ് വേഗതയിലും കണക്ഷനുകളിലും സർക്കാർ നിയന്ത്രണവും വരുന്നതോടെ രാജ്യത്തെ മറ്റ് ടെലികോം കമ്പനികൾക്ക് ആശ്വസിക്കാം.
അതേസമയം, രാജ്യത്തെ പ്രമുഖ ടെലികോ കമ്പനികളായ എയർടെലും ജിയോയും സ്റ്റാർലിങ്കുമായി കരാറിലൊപ്പെട്ടിട്ടുണ്ട്. കരാർ അനുസരിച്ച്, ജിയോയും എയർടെല്ലും അവരുടെ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സ്റ്റാർലിങ്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഇൻസ്റ്റലേഷൻ പിന്തുണയും നൽകും. ഇതോടെ രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതിന് ജിയോയുടെയും എയർടെലിന്റെയും വിപുലമായ മൊബൈൽ നെറ്റ്‌വർക്കിലൂടെയും സ്റ്റാർലിങ്കിന്റെ ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെയും സാധ്യമാകും.