ന്യൂഡൽഹി: ഇന്ത്യൻ പൗരയാകുന്നതിന് മുൻപ് വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേരും. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണങ്ങൾക്ക് പ്രത്യാക്രമണമെന്നോണം ഭാരതീയ ജനതാ പാർട്ടി ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആരോപണം ചർച്ചയാകുകയാണ്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ത്യൻ പൗരയാകുന്നതിന് 45 വർഷങ്ങൾക്ക് മുമ്പ് നിയമവിരുദ്ധമായി, വോട്ടർ പട്ടികയിൽ പേര് ചേർത്തു എന്നാണ് ബി.ജെ.പി ആരോപണം.
1946-ൽ ഇറ്റലിയിൽ ജനിച്ച സോണിയ മൈനോയെ ഇന്ത്യൻ പൗരയാകുന്നതിന് ഒരു വർഷം മുമ്പ്, 1980 മുതൽ 1982 വരെ പട്ടികയിൽ പേര് ചേർത്തിരുന്നു എന്നാണ് മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അവകാശവാദമുന്നയിക്കുന്നത്.
ബിജെപി നേതാവ് അമിത് മാളവ്യയാണ് സോണിയക്കെതിരെ ആദ്യം രംഗത്തെത്തിയത്. ഇതിനെ കൂട്ടുപിടിച്ചാണ് പുതിയ വിവാദവും പുകയുന്നത്.
1980ലെ വോട്ടർ പട്ടികയുടെ ഫോട്ടോസ്റ്റാറ്റ് ഉൾപ്പടെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ടാണ് ബി.ജെ.പിയുടെ തിരിച്ചടി. സോണിയ ഗാന്ധി ഇന്ത്യയുടെ പൗരത്വം നേടിയിട്ടില്ലാത്ത സമയത്ത് ഇന്ത്യൻ വോട്ടർ പട്ടികയിൽ അവരുടെ പേര് എങ്ങനെ കയറിപ്പറ്റിയെന്നാണ് മാളവ്യ ചോദ്യം ഉന്നയിച്ചത്. ഇത് തിരഞ്ഞെടുപ്പിലെ ക്രമക്കേടാണെന്നും ചട്ടലംഘനമാണ് അന്ന് നടന്നതെന്നും ബി.ജെ.പി വാദമുതിർത്തു. 1968ലാ രാജീവ് ഗാന്ധിയുമായുള്ള സോണിയയുടെ വിവാഹം നടക്കുന്നത്. ഗാന്ധി കുടുംബം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്ന ഘട്ടത്തിലാണ് വോട്ടർ പട്ടികയിൽ ഇത്തരത്തിൽ ഗുരുതരമായ തട്ടിപ്പ് നടത്തിയതെന്ന് ബി.ജെ.പി തെളിവടക്കം പങ്കുവയ്ക്കുന്നത്.
എന്നാൽ നിലവിലുള്ള സംഭവവികാസങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഈ ആരോപണങ്ങളെന്ന് കോൺഗ്രസ് നേതൃത്വം മറുപടി നൽകുന്നത്. വോട്ടർ തട്ടിപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ‘കൂട്ടുകൂടി’ പ്രവർത്തിച്ച ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള വിലകുറഞ്ഞ വിമർശനത്തെ അത്രതന്നെ കാര്യമായി കോൺഗ്രസ് നേതൃത്വമെടുത്തിട്ടില്ല.
മഹാരാഷ്ട്രയും കര്‍ണാടകയും മുന്‍ നിര്‍ത്തി രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന വോട്ടുകൊള്ള വിവാദത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങിയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. പന്തംകൊളുത്തി പ്രകടനം, റാലികള്‍, ഒപ്പുശേഖരണ പരിപാടി തുടങ്ങി ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് കമ്മറ്റികളെ ഉപയോഗിച്ച് വലിയ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് നീക്കം. ശക്തമായി തന്നെ പ്രതിരോധിക്കാൻ ബി.ജെ.പിയും കളത്തിലറങ്ങിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ കേരളത്തിലും വിവാദം തുടരുകയാണ്.