ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്മൃതി മന്ദാനയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യക്ക് 97 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. 62 പന്തില്‍ 15 ഫോറും മൂന്ന് സിക്സറും സഹിതം 112 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെ ബാറ്റിങ്ങായിരുന്നു ഇന്ത്യയുടെ കരുത്ത്. എന്നാല്‍ മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് പോരാട്ടം 14.5 ഓവറില്‍ 113ല്‍ അവസാനിച്ചു.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടം സ്മൃതി കുറിച്ചു. ഷഫാലി വര്‍മ-സ്മൃതി ഓപ്പണിങ് കൂട്ടുകെട്ടില്‍ 77 റണ്‍സാണ് ഇന്ത്യ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 20 റണ്‍സെടുത്ത് ഷഫാലി മടങ്ങിയെങ്കിലും ഹര്‍ലീന്‍ ഡിയോളുമായി(43) ചേര്‍ന്ന് മന്ദാന സന്ദര്‍ശകരെ മികച്ച സ്കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിങില്‍ ഒരുഘട്ടത്തില്‍ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനായില്ല. ക്യാപ്റ്റന്‍ നാറ്റ് സ്കൈവര്‍-ബ്രണ്ടന്റെ അര്‍ധ സെഞ്ച്വറി പ്രകടനവുമായി ചെറുത്ത് നില്‍പ്പ് നടത്തി. ഇന്ത്യക്കായി ശ്രീ ചരണി നാലുവിക്കറ്റ് വീഴ്ത്തി.