ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ

ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയാറുണ്ട്. അര മണിക്കൂർ കൂടുമ്പോൾ എഴുന്നേറ്റ് നടക്കണമെന്നും ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യണമെന്നും പറയാറുണ്ട്. എന്നാൽ, പലരും ഇത് അവഗണിക്കുകയാണ് ചെയ്യാറുള്ളത്.

ഗവേഷണങ്ങൾ പോലും ദീർഘനേരം ഇരിക്കുന്നതിനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അമിത ശരീരഭാരം, വർധിച്ച രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുക, അരയ്ക്ക് ചുറ്റുമുള്ള അധിക കൊഴുപ്പ്, അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് എന്നിവയ്ക്ക് കാരണമാകുന്നു. ദീർഘനേരം ഇരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയിൽ നിന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്നതായി മയോ ക്ലിനിക്ക് പോലും പറഞ്ഞിട്ടുണ്ട്. മണിക്കൂറുകള്‍ ഇരുന്നു ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാം.

  1. ഹൃദ്രോഗം: ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് ധാരാളം അടിഞ്ഞുകൂടും. ഇത് ഹൃദയത്തില്‍ ബ്ലോക്ക്‌ ഉണ്ടാക്കിയേക്കാം. ക്രമേണ ഹൃദ്രോഗത്തിന് സാധ്യതയുണ്ടാക്കിയേക്കാം.
  2. ശരീരവേദന: ഇതും ദീര്‍ഘനേരത്തെ ഇരിപ്പു മൂലം ലഭിക്കുന്നതാണ്. കഴുത്ത്, ഇടുപ്പ്, പുറം എന്നീ ഭാഗങ്ങളില്‍ കഠിനമായ വേദനയായാണ് ഇതിന്റെ തുടക്കം. നടുനിവര്‍ത്തി ശരിയായ രീതിയിൽ ഇരുന്നാകണം ജോലി ചെയ്യേണ്ടത്. അല്ലെങ്കില്‍ പുവർ പോസ്ചർ സിൻഡ്രോം (Poor posture syndrome) പോലെയുള്ള രോഗങ്ങള്‍ പിടിപെടാം.
  3. പ്രമേഹം: ശരീരം അനങ്ങിയുള്ള ജോലികളിൽ ഏര്‍പ്പെടാത്തവരെ പ്രമേഹം എളുപ്പം പിടികൂടും. ഇരുന്ന് ജോലി ചെയ്യുന്നവരിൽ പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
  4. വെരിക്കോസ് വെയിന്‍: ദീര്‍ഘനേരത്തെ ഇരിപ്പ് മൂലം കാലുകളിലെ ഞരമ്പുകള്‍ക്ക് പ്രഷര്‍ അധികമാകും. അതിനാൽതന്നെ, ഇരുന്നു ജോലി ചെയ്യുന്നവരെ വെരിക്കോസ് വെയിന്‍ പെട്ടെന്ന് പിടികൂടാം.
  5. തലച്ചോറിനെ ബാധിക്കാം: കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ ഒരു ഗവേഷണത്തില്‍ ദീര്‍ഘനേരത്തെ ഈ ഇരിപ്പു കൊണ്ട് തലച്ചോറിനു വരെ ദോഷമുണ്ടാകാമെന്ന് കണ്ടെത്തിയിരുന്നു. തലച്ചോറിലെ ചില കോശങ്ങളെ ഇതു ദോഷകരമായി ബാധിക്കാം.

ഈ പ്രശ്നത്തെ എങ്ങനെ മറികടക്കാം?

30 മിനിറ്റ് ഇരിക്കുകയാണെങ്കിൽ 20 മിനിറ്റ് മാത്രം പൂർണമായും ഇരിക്കുക, എട്ട് മിനിറ്റ് നിൽക്കാനും രണ്ടു മിനിറ്റ് നടക്കാനും മാറ്റിവയ്ക്കുക. ഇടയ്ക്ക് ലഘുവ്യായാമങ്ങൾ ചെയ്യുക. തുടർച്ചയായി ഇരിക്കുന്നതിനിടെ ഇടയ്ക്ക് നടുനിവർത്തുന്നത് ശീലമാക്കുക. ഫോൺ കോളുകൾ ഇരുന്ന് സംസാരിക്കുന്നതിന് പകരം നടന്നുകൊണ്ട് സംസാരിക്കുക. ഇവയൊക്കെ പിന്നീട് വന്നേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളിൽനിന്നു രക്ഷ നേടാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *