കർണാടക കോൺഗ്രസ് പുകയുന്നു; നേതൃമാറ്റം ഉടനെന്ന് സൂചന;ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ദില്ലിയിൽ

കർണാടക :കർണാടക കോൺഗ്രസിലെ ഭിന്നത രൂക്ഷമാവുകയമാണ്. ഹൈക്കമാന്റ് പ്രതിനിധി രൺദീപ് സിങ് സുർജേവാല മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായും എം എൽ എ മാരുമായും ചർച്ച നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ല എന്നാണ് വിലയിരുത്തൽ. കർണാടക കോൺഗ്രസിലെ നേതൃമാറ്റം അഭ്യൂഹത്തിന് ആക്കം കൂട്ടി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഡൽഹിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശിവകുമാർ തയാറായില്ല. നേതൃമാറ്റമുണ്ടാകുമെന്നത് മാധ്യമസൃഷ്ടിയാണെന്നും നിലവിൽ ഇങ്ങനെയൊരു നീക്കമില്ലെന്നും കൂടിക്കാഴ്ചയ്ക്കു മുൻപ് ഡി.കെ.ശിവകുമാർ പറഞ്ഞിരുന്നു. എന്തിനാണ് കൂടിക്കാഴ്ചയെന്നും അതിന്റെ അജണ്ട എന്താണ് എന്ന് ആരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

രണ്ടര വർഷം കഴിയുമ്പോൾ സിദ്ധരാമയ്യയ്ക്കു പകരം ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ ധാരണയുള്ളതായി അഭ്യൂഹമുണ്ട്.അതിന്റെ കൂടി പശ്ചാത്തലത്തിലാണ് നിലവിലെ ഊഹാപോഹം. മാത്രമല്ല സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നേരത്തെ ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ച് ചില എംഎൽഎമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും എഐസിസി നേതൃത്വത്തെ കാണാൻ ഡൽഹിയിലുണ്ട്. ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതാണ്.

ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞെങ്കിലും കൂടിക്കാഴ്ചയുടെ അജണ്ട അതല്ലെന്നും നേതൃമാറ്റം സംബന്ധിച്ചാണു കൂടിക്കാഴ്ചയെന്നും അഭ്യൂഹമുണ്ട്. സുർജേവാല രണ്ട് ഘട്ടങ്ങളിലായി ഭൂരിഭാഗം എം എൽ എ മാരുമായും സംസാരിച്ചു കഴിഞ്ഞു. ഇനി ഒരു ഘട്ടം കൂടി ബാക്കിയുണ്ട്. അതിന് ശേഷമേ നേതൃമാറ്റത്തിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവൂ എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *