തന്നെ നേരിട്ട് കാണാനുള്ള തീവ്രമായ ആഗ്രഹം സഫലമാകാതെ ജീവിതത്തോട് വിടപറഞ്ഞ ചിത്ര എന്ന ആരാധികയെക്കുറിച്ച് കേട്ടപ്പോള്‍ മഞ്ജുവാര്യരുടെ കണ്ണുകളില്‍ നനവു പടര്‍ന്നു. പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഷൈജു ദാമോദരന്‍ തന്റെ മൊബൈല്‍ ഫോണില്‍ ബന്ധുവായ ചിത്രാന്റിയുടെ ചിത്രം കാണിച്ചു കൊടുത്തപ്പോള്‍ മഞ്ജു പ്രാര്‍ഥനാ ഭരിതയായി.
മലയാറ്റൂര്‍ മലയുടെ നെറുകയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഷൈജു ദാമോദരന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ:
‘സിനിമയാണ് ചര്‍ച്ചാവിഷയമെങ്കില്‍ ചിത്രാന്റിക്ക് പറയാന്‍ ഒരേയൊരു കാര്യമേ ഉണ്ടായിരുന്നുള്ളു.ഒരു പ്രാവശ്യമെങ്കിലും മഞ്ജു വാര്യരുടെ അടുത്തു കൊണ്ടുപോകണം.ഒരു ഫോട്ടോയെടുക്കണം. ചുരുങ്ങിയത് 25 വര്‍ഷം പഴക്കമുള്ള ഒരാഗ്രഹമായിരുന്നു അത്. എന്തോ..നിര്‍ഭാഗ്യം കൊണ്ടത് നടക്കാതെ പോയി. ആന്റി ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസമായില്ല. കഴിഞ്ഞ ദിവസം മഞ്ജുവിനെ നേരിട്ടു കണ്ടു. നടക്കാതെ പോയ ആഗ്രഹം ബാക്കിയാക്കി ജൂണ്‍ 5 ന് മഞ്ജുവിന്റെ 61 കാരിയായ കട്ട ഫാന്‍ വിടപറഞ്ഞതും കഴിഞ്ഞ ദിവസം രാമേശ്വരത്ത് ചിതാഭസ്മം നിമജ്ജനം ചെയ്തതും അറിയിച്ചു. കേട്ടമാത്രയില്‍ പ്രിയങ്കരിയായ അഭിനേത്രി ഒരു നിമിഷം മൗനിയായി..പിന്നെയാ കണ്ണുകളില്‍ പതിയെ നനവു പടര്‍ന്നു..ആന്റിയുടെ ചിത്രമുണ്ടോ എന്ന് തിരക്കി. എന്റെ മൊബൈല്‍ ഗാലറിയിലെ ചിത്രാന്റി അന്നേരം പ്രിയപ്പെട്ട മഞ്ജുവാര്യരെ ആദ്യമായ് നേരിട്ടു കണ്ടു. ”ആന്റിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ..” പതിഞ്ഞ സ്വരത്തില്‍ മഞ്ജുവിന്റെ വാക്ക്. മലയാറ്റൂര്‍ മലയുടെ ഉച്ചിയിലായിരുന്നു ഞങ്ങളപ്പോള്‍…സ്വര്‍ഗം തൊട്ടുമീതെ..ആന്റി അതു കേട്ടുകാണും..തീര്‍ച്ച’…