ഭാവിയിലെ ബഹിരാകാശ ഭക്ഷ്യ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ധാന്യങ്ങൾ മുളപ്പിക്കും
ന്യൂഡൽഹി: ചരിത്രം കുറിച്ച് ആക്സിയം-4 വിക്ഷേപിച്ചു . ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് പേടകത്തിലുള്ളത്,. ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്‌ആർഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്.സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്സിയം- 4.
നാളെ വൈകിട്ട് 4.30 നു പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്കിംഗ് ചെയ്യും. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാൻഷു. സംഘം ബഹരാകാശ നിലയത്തിൽ 14 ദിവസം ചെലവിടും. വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും. ബഹിരാകാശ നിലയത്തിൽ 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. സൂക്ഷ്മ ആൽഗകളുടെയും സയനോബാക്ടീരിയകളുടേയും വളർച്ചയും മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനവും പഠിക്കും.
ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാൻഷു ശുക്ല പ്രത്യേകമായി ചെയ്യും. .
ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാൻഷു. അതുകൊണ്ട് തന്നെ ശുഭാൻഷുവിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള ഈ യാത്രയെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചു. ഇതിൽ ശുഭാൻഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉൾപ്പെടുന്നു. പ്രശാന്ത് നായരും ഗഗൻയാൻ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാൻഷുവിന് സ്പേസ് എക്സും ആക്സിയം സ്പേസും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.