വ്യവസായ വിപുലീകരണത്തിന്റെ പേരിൽ അറുപത് കോടി രൂപ കൈപറ്റിയെന്ന കേസിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാ പരാതി. മുംബൈ ആസ്ഥാനമായ വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിൽ നടത്തിയ നിക്ഷേപ ഇടപാടാണ് കേസിന് ആധാരം.
2015-2016 കാലഘട്ടത്തിൽ ബിസിനസ് വിപുലീകരണത്തിനായാണ് ദീപക് കോത്താരി 60.48 കോടി രൂപ രണ്ട് ഗഡുക്കളായി ഇരുവർക്കുമായി നൽകിയത്. രാജേഷ് ആര്യ എന്ന ഏജന്റ് വഴി 2015 ലാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയുമായി താൻ ഇടപെട്ടതെന്ന് കോത്താരി പറയുന്നു. ആ സമയത്ത്, ദമ്പതികൾ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടി വിയുടെ ഡയറക്ടർമാരായിരുന്നു. അന്ന് കമ്പനിയിൽ 87 ശതമാനം ഓഹരികൾ ശിൽപ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു.
ബിസിനസ് വിപുലീകരണത്തിനായി നിക്ഷേപമെന്ന നിലയിൽ കോത്താരി 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായ 31.95 കോടി രൂപ കൈമാറിയത്. 2016 മാർച്ചിൽ 28.54 കോടി രൂപ കൂടി കൈമാറി. എന്നാൽ മാസങ്ങൾക്ക് ശേഷം, സെപ്റ്റംബറിൽ, ശിൽപ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജിവച്ചു. ഇത് തന്നെ അറിയിക്കുകയോ നിക്ഷേപത്തെ കുറിച്ച് സംസാരിക്കുകയോ ചെയ്തില്ലെന്നും കോത്താരി വ്യക്തമാക്കി.
ശിൽപ ഷെട്ടി കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയർന്നുവന്നു. ഇതോടെ താൻ നിക്ഷേപിച്ച പണത്തിനായി കോത്താരി താര ദമ്പതികളെ ബന്ധപ്പെട്ടെങ്കിലും ഇവർ പണം തിരികെ നൽകിയില്ല. ബിസിനസ് ആവശ്യങ്ങൾക്കായി കൈപ്പറ്റിയ പണം ഇവർ വ്യക്തിപരമായ ചെലവുകൾക്കായി ഉപയോഗിച്ചുവെന്നും കോത്താരി തന്റെ പരാതിയിൽ ആരോപിക്കുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ ജുഹു പൊലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ 10 കോടി രൂപയ്ക്കു മുകളിലുള്ള കേസ് ആയതിനാൽ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു. നിലവിൽ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗത്തിന്റെ പരിഗണനയിലാണ് കേസ്.
ഇതാദ്യമായല്ല ശില്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാദത്തിൽ പെടുന്നത്. മുൻപ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസ് സ്വർണ വ്യാപാരിയിൽ നിന്ന് 90 കോടി രൂപ തട്ടിയെന്ന കേസായിരുന്നു. വ്യാപാരി പൃഥ്വിരാജ് സാരമേൽ കോത്താരിയായിരുന്നു പരാതിക്കാരൻ, സ്വർണ നിക്ഷേപത്തിൽ വൻ തുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സത് യുഗ ഗോൾഡിന്റെ പേരിൽ നടന്ന തട്ടിപ്പിൽ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് പരാതി വരുന്നത്.
ഏതാനും മാസം മുൻപ് ക്രൊയേഷ്യയിൽ വെച്ച് ഒരു വ്യവസായിയോട് ശില്പ ഷെട്ടി തട്ടിക്കയറുന്ന വീഡിയോ വൈറലായിരുന്നു. ഞങ്ങളാരാണെന്ന് നിങ്ങൾക്കെന്ന് പറയുന്ന വീഡിയോ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഭർത്താവിനെതിരായ കേസും റിച്ചാർഡ് ഗാരെയുമായുള്ള ചുംബന വിവാദവുമെല്ലാം പലപ്പോഴും ശില്പഷെട്ടിയെ വിവാദത്തിലാക്കിയിരുന്നു.