വിദ്വേഷ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ നടപടി സുപ്രീം കോടതി നിശ്ചയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശേഖര്‍ കുമാര്‍ യാദവിന്റേത് സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ല എന്നും അഴിമതിയും വിദ്വേഷ പരാമര്‍ശവും ഒരുപോലെ കാണാനാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യുമെന്ന് അമിത്ഷാ വ്യതമാക്കി. യശ്വന്ത് വര്‍മ്മ കുറ്റക്കാരനാണെന്ന് ചീഫ് ജസ്റ്റിസിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം സുപ്രീംകോടതി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ അസാധാരണ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി.
ജഡ്ജിക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് നിലപാടെടുത്തിരുന്നു. മാര്‍ച്ചിലാണ് അസാധാരണമായ ഈ കത്ത് രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രീം കോടതിക്ക് അയച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ശേഖര്‍കുമാര്‍ യാദവ് വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് വിദ്വേഷ പരാമര്‍ശം നടത്തിയത്. രാജ്യത്ത് ഭൂരിപക്ഷമുളള വിഭാഗം രാജ്യം ഭരിക്കുമെന്നാണ് ശേഖര്‍ കുമാര്‍ പറഞ്ഞത്.
പ്രസംഗം വിവാദമായതോടെ ശേഖര്‍ കുമാറിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി സുപ്രീം കോടതി കൊളീജിയം അഭിപ്രായം തേടിയിരുന്നു. തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല എന്നായിരുന്നു കൊളീജിയത്തിന് മുന്‍പാകെ യാദവ് വ്യക്തമാക്കിയത്. അതിനുപിന്നാലെ ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീം കോടതി തീരുമാനമെടുക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.
അതിനുപിന്നാലെയാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് ശേഖര്‍ കുമാര്‍ യാദവിനെതിരെ അന്വേഷണം നടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം നിര്‍ത്തിവെച്ചത്. അങ്ങനൊരു കത്തെഴുതാന്‍ രാജ്യസഭാ സെക്രട്ടറിയേറ്റിന് അധികാരമില്ലെന്നും കത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി അന്വേഷണം ഉപേക്ഷിച്ചെങ്കില്‍ അത് തെറ്റാണ് എന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.