എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ആരംഭിച്ച ഒരു ആവർത്തന നിക്ഷേപ പദ്ധതിയാണ് ‘ഹർ ഘർ ലഖ്പതി’. ഈ പദ്ധതി റിക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആർഡി സ്കീം പോലെയാണ്. ഈ പദ്ധതിയിലൂടെ, ചെറിയ പ്രതിമാസ നിക്ഷേപം നടത്തി ഓരോ കുടുംബത്തിനും 1 ലക്ഷം രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ കഴിയും.
മൂന്ന് മുതൽ പത്ത് വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. മാസം തോറും ചെറിയ തുക നിക്ഷേപിച്ചാൽ മികച്ച റിട്ടേൺ നേടാനാകും. കാലാവധി കഴിയുമ്പോൾ പലിശ സഹിതം നിക്ഷേപതുക ലഭിക്കും. എല്ലാ മാസവും ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ദിവസം നിക്ഷേപം എത്തണം എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. 3 മുതൽ 10 വർഷം വരെ ഫ്ലെക്സിബിൾ ആയ കാലാവധി പദ്ധതിക്കു കീഴിൽ തിരഞ്ഞെടുക്കാൻ എസ്ബിഐ അവസരം നൽകുന്നു.
ആർക്കൊക്കെ ചേരാം
പത്ത് വയസിന് മുകളിലുളളവർക്കും മുതിർന്ന പൗരൻമാർക്കും ഈ പദ്ധതിയിൽ ചേരാം. കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കോ, നിയമപരമായ രക്ഷിതാക്കൾക്കോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഒരു എസ് ബി ഐ ബ്രാഞ്ച് സന്ദർശിക്കുകയോ അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങൾ വഴിയോ പദ്ധതിയിൽ ചേരാവുന്നതാണ്. ‘ഹർ ഘർ ലഖ്പതി’ സ്കീം എസ്ബിഐയുടെ രാജ്യത്തെ എല്ലാ ശാഖകളിലും ലഭ്യമാണ്.
പലിശ നിരക്ക്
ആകർഷകമായ പലിശയും ഹർ ഘർ ലഖ്പതി വാഗ്ദാനം ചെയ്യുന്നുണ്ട്. മെച്യൂരിറ്റി കാലയളവ് അനുസരിച്ച് പലിശ നിരക്കുകളിൽ വ്യത്യാസം വരും. സാധാരണ പൗരന്മാർക്ക് 6.75 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.25 ശതമാനവുമാണ് പലിശനിരക്ക്. അതേസമയം, എസ് ബി ഐയിലെ ഒരു ജീവനക്കാരൻ ഈ പദ്ധതിയിൽ നിക്ഷേപം നടത്തിയാൽ എട്ട് ശതമാനം വരെ പലിശ ലഭിക്കും.
ലക്ഷങ്ങൾ എങ്ങനെ സമ്പാദിക്കാം?
മൂന്നു വർഷം കൊണ്ട് ലക്ഷങ്ങൾ നേടാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ ഓരോ മാസവും 2,500 രൂപയുടെ നിക്ഷേപം ആവശ്യമാണ്. അതായത് ദിവസവും 80 രൂപ മാറ്റിവയ്ക്കുക. ഇത്തരത്തിൽ മാസം തോറും ഹർ ഖർ ലഖ്പതി പദ്ധതിയിൽ 2500 രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ മൂന്ന് വർഷം കൊണ്ട് നിങ്ങൾക്ക് ഒരു ലക്ഷം രൂപയിൽ അധികം സമ്പാദിക്കാം. നിങ്ങൾ അക്കൗണ്ട് തുറക്കുമ്പോഴുള്ള പലിശ നിരക്കിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രതിമാസ തുക നിശ്ചയിക്കപ്പെടുക എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. ആദായനികുതി ചട്ടങ്ങൾ പ്രകാരം നിങ്ങൾ നേടുന്ന പലിശയ്ക്ക് ടിഡിഎസ് ബാധകമായിരിക്കും.