റിട്ടയർമെന്റ് ജീവിതം ഓരോരുത്തരും മുന്നിൽ കണ്ടാണ് ജീവിക്കേണ്ടത്. വാർധക്യ സമയത്ത് സ്ഥിര വരുമാനം ഇല്ലാത്തത് ജീവിത ചെലവുകൾ നടത്താൻ ബുദ്ധിമുട്ടുണ്ടാക്കും. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. റിട്ടയർമെന്റ് ജീവിതം മുന്നിൽ കണ്ട് നേരത്തെ നിക്ഷേപം നടത്തുന്നത്, ആസ്വാദ്യകരമായ വാർധക്യ ജീവിതം സമ്മാനിക്കും.
സാധാരണക്കാർക്ക് വേണ്ടി സർക്കാരിന്റെ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഈ പദ്ധതികളിൽ കൃത്യസമയത്ത് നിക്ഷേപം ആരംഭിക്കുകയാണ് ചെയ്യേണ്ടത്. പ്രതിദിനം വെറും 7 രൂപ നീക്കിവച്ചാൽ മാസം തോറും 5,000 രൂപ പെൻഷൻ നൽകുന്ന സർക്കാരിന്റെ ഒരു നിക്ഷേപ പദ്ധതിയുണ്ട്. സർക്കാർ നിക്ഷേപ പദ്ധതിയായ അടൽ പെൻഷൻ യോജനയാണത്.
പ്രതിമാസം 5,000 രൂപ പെൻഷൻ വാങ്ങാൻ നിക്ഷേപകർ 18-ാം വയസ് മുതൽ നിക്ഷേപം തുടങ്ങണം. 18 വയസു മുതൽ മാസം 210 രൂപ നിക്ഷേപിക്കുകയും 40 വയസ് വരെ ഈ നിക്ഷേപം തുടരുകയും വേണം. അങ്ങനെയെങ്കിൽ 60-ാം വയസ് മുതൽ 5,000 രൂപ പെൻഷൻ കിട്ടും. 5,000 രൂപയിൽ കൂടുതലും പെൻഷൻ ലഭിക്കാൻ മാർഗങ്ങളുണ്ട്. ഇവിടെ നിങ്ങളുടെ നിക്ഷേപം അതിനനുസരിച്ച് ക്രമീകരിക്കണം എന്നുമാത്രം.
18-ാം വയസിൽ നിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട. 40 വയസിൽ താഴെയാണ് പ്രായമെങ്കിൽ നിക്ഷേപ തുക അൽപം ഉയർത്തിയാൽ മാസം 5,000 രൂപ പെൻഷൻ നേടാം. 25-ാം വയസിൽ പ്രതിമാസം 376 രൂപയും 30-ാം വയസിൽ പ്രതിമാസം 577 രൂപയും 35 വയസിൽ പ്രതിമാസം 902 രൂപയും നിക്ഷേപിച്ചാൽ 60-ാം വയസിൽ നിങ്ങൾക്ക് പ്രതിമാസം 5000 പെൻഷൻ കയ്യിൽ വാങ്ങാം.
ആർക്കൊക്കെ നിക്ഷേപിക്കാം
നികുതിദായകർക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കില്ല. നികുതിദായകരല്ലാത്ത, 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൽ പെൻഷൻ യോജനയിലേക്ക് സംഭാവന നൽകാം. സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം. എന്‍.പി.എസ് പെന്‍ഷനില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്കും അംഗമാകാം. പക്ഷെ ആരും ആദായ നികുതി അടയ്ക്കുന്നവരാകരുത്.
അംഗമാകാന്‍ ചെയ്യേണ്ടത് എന്താണ്?
പദ്ധതിയില്‍ അംഗമാകാന്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. ആദായ നികുതി അടക്കുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല. പക്ഷെ പദ്ധതിയില്‍ അംഗമായിരിക്കെ നിങ്ങള്‍ എന്നെങ്കിലും ആദായ നികുതി അടച്ചാല്‍ പെന്‍ഷന്‍ അക്കൗണ്ടിനെ ബാധിക്കില്ല. നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിര്‍ദേശം നൽകുന്നതനുസരിച്ച് മാസം തോറുമോ മൂന്ന് മാസം അല്ലെങ്കില്‍ ആറു മാസം കൂടുമ്പോഴോ തുക താനെ പെന്‍ഷന്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിക്കോളും. e-APY ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയും പദ്ധതിയില്‍ ചേരാം.