റിയാദ്: മിഡിൽ ഈസ്റ്റിൽ ലിംഗസമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് നടന്നു കഴിഞ്ഞു. ആദ്യ വനിതാ സീ റേഞ്ചർ കോർപ്സ് ഇനി സൗദിയുടെ സമുദ്രാതിർത്തി സംരക്ഷണം ഏറ്റെടുക്കും. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽക്കാരുടെ കൂടി നോട്ടത്തിന് കീഴിലാവും. പുതിയ വനിതാ റേഞ്ചർ ഫോഴ്‌സ്, പുരുഷ സൈനികർക്കും സൗദി ബോർഡർ ഗാർഡിനുമൊപ്പമാണ് പെട്രോളിങ് നടത്തുന്നത്.
സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിന്റെ ഭാഗമായ പദ്ധതിയാണ് വനിതാ സീ റേഞ്ചർ കോർപ്സ്. റോയൽ റിസർവിൽ മൂന്ന് വർഷമായി സേവനമനുഷ്ഠിക്കുന്ന റുഖയ്യ അവാദ് അൽ ബലാവിയുടെ നേതൃത്വത്തിലാണ് വനിതാ സംഘം പ്രവർത്തിക്കുന്നത്. ആദ്യത്തെ ഫീമെയിൽ റേഞ്ചറാണ് റുഖയ.

മറൈൻ റേഞ്ചർമാരുടെ ആദ്യ സംഘത്തിൽ ഏഴ് വനിതകളാണ് ഉള്ളത്. നീന്തലിലും ആയുധ ഉപയോഗത്തിലും പെട്ടെന്ന് തീരുമാനമെടുത്ത് പ്രവർത്തിക്കുന്നതിലും അതി കഠിനമായ പരിശീലനം പൂർത്തിയാക്കിയവരാണ് സംഘത്തിലുള്ളത്. പ്രഥമശുശ്രൂഷ, സ്വയം പ്രതിരോധം, സംരക്ഷണ സാങ്കേതിക വിദ്യകൾ, പട്രോളിങ്, പാരിസ്ഥിതിക നിരീക്ഷണം എന്നിവയ്ക്കും പരിശീലനം ലഭിച്ചിട്ടുണ്ട്.
നിലവിൽ റിസർവിന്റെ റേഞ്ചർ കോർപ്സിൽ 246 പേരാണുള്ളത്, അതിൽ 34% സ്ത്രീകളാണ്. ആഗോളതലത്തിൽ മറൈൻ റേഞ്ചർമാരിൽ 11 ശതമാനം പേർ മാത്രമാണ് സ്ത്രീകളുള്ളത്. കൂടാതെ കടൽ സമ്പദ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവരിൽ വെറും ഒരു ശതമാനം മാത്രമാണ് സ്ത്രീകൾ.
ഈ മേഖലയിൽ സ്ത്രീകൾക്ക് മാത്രമായി സൗദി പ്രത്യേക സംഘം തന്നെ രൂപീകരിച്ചത് ആഗോളതലത്തിൽ ചർച്ചാ വിഷയമായി. പുതിയ വനിതാ റേഞ്ചർ സംഘത്തെ പ്രഖ്യാപിച്ചതോടെ കൂടുതൽ സ്ത്രീകൾ സാഹസികമായ ഈ പുതിയ ദൗത്യത്തിലേക്ക് എത്തിപ്പെടാൻ താൽപര്യം കാണിക്കുന്നതായും അധികൃതർ പറഞ്ഞു.
