തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലത്തിൽ സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26 .8 ലക്ഷം രൂപയ്ക്കു സ്വന്തമാക്കി .മൂന്നു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില .മൂന്നു മടങ്ങിലധികം തുക ചെലവഴിച്ചാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.എം എസ് അഖിലിനെ 8 .40 രൂപയ്ക്കാണ് കൊല്ലം ഏരീസ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ സീസണിലെ വിജയികളായിരുന്ന കൊല്ലം ഏരീസ് എടുക്കുന്ന താരങ്ങൾ ആരൊക്കെ എന്നറിയാൻ ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.
തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണി മുതലാണ് ലേലം ആരംഭിച്ചത്.
മുതിർന്ന ഐപിഎൽ – രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിൽ അരങ്ങേറും.
ഐപിഎൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമ്മയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്. സംവിധായകനും ട്രിവാൺഡ്രം റോയൽസ് ടീമിന്‍റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകുന്നേരം 6 മണിക്കാണ് ലേലനടപടികള്‍ അവസാനിക്കുന്നത്.
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്.ശേഷിക്കുന്ന 155 താരങ്ങൾക്കായാണ് ശനിയാഴ്ചത്തെ ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണ്ണമെൻ്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75000വുമാണ് അടിസ്ഥാന തുക.