ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് ടീം മാനേജ്‌മെന്റ് ചര്‍ച്ചകള്‍ ആരംഭിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമോ എന്നാണ് മലയാളി ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ ഇത്തവണത്തെ ഏഷ്യാ കപ്പിനുള്ള ടീമില്‍ സ്ഥാനം പിടിച്ചാല്‍ അത് സഞ്ജുവിനു ലോകകപ്പിലേക്കുള്ള വഴി തുറന്നേക്കും.
സഞ്ജുവോ പന്തോ? രാഹുലിന്റെ സര്‍പ്രൈസ് എന്‍ട്രി സാധ്യതകള്‍
നിലവിലെ സാഹചര്യത്തില്‍ റിഷഭ് പന്തോ കെ.എല്‍.രാഹുലോ സഞ്ജുവിന്റെ സ്ഥാനത്തിനു വെല്ലുവിളിയാകില്ല. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലെ സ്ഥിര സാന്നിധ്യങ്ങള്‍ ആയതിനാല്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ പന്തിനും രാഹുലിനും വിശ്രമം അനുവദിക്കും.
മാത്രമല്ല ട്വന്റി 20 യില്‍ രാഹുലിനേക്കാളും പന്തിനേക്കാളും ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറാണ് സഞ്ജു. ട്വന്റി 20 യില്‍ 152.39 സ്‌ട്രൈക് റേറ്റില്‍ ഇന്ത്യക്കായി 861 റണ്‍സ് നേടിയിട്ടുണ്ട് സഞ്ജു. കെ.എല്‍.രാഹുലിന്റെ സ്‌ട്രൈക് റേറ്റ് 139.13 ആണ്. റിഷഭ് പന്തിന്റേത് 127.40 ! ട്വന്റി 20 ക്ക് വേണ്ടത് മികച്ച പ്രഹരശേഷിയായതിനാല്‍ സഞ്ജുവിനു മേല്‍ക്കൈ ഉണ്ട്.
ഗംഭീറിന്റെ നിലപാട്
പരിശീലകന്‍ ഗൗതം ഗംഭീറിനു സഞ്ജുവിനോടു പ്രത്യേക താല്‍പര്യമുണ്ട്. ട്വന്റി 20 യില്‍ സഞ്ജുവിന് ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന് ഗംഭീര്‍ ഉറച്ചുവിശ്വസിക്കുന്നു. സഞ്ജുവിനു ഇനിയും അവസരങ്ങള്‍ നല്‍കണമെന്ന നിലപാട് ഗംഭീര്‍ നേരത്തെയും പരസ്യമാക്കിയിട്ടുണ്ട്. മാത്രമല്ല നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിനെ പിന്തുണയ്ക്കാനാണ് സാധ്യത.
വെല്ലുവിളിയാകുക ജിതേഷ് !
അതേസമയം സഞ്ജുവിനു വെല്ലുവിളി ഉയര്‍ത്തുക ജിതേഷ് ശര്‍മയാണ്. ഐപിഎല്ലിലെ മികച്ച പ്രകടനം ജിതേഷിന്റെ സാധ്യതകള്‍ ഊട്ടിയുറപ്പിക്കുന്നു. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിയുമെന്നതും വിക്കറ്റ് കീപ്പിങ്ങില്‍ അപാര മെയ് വഴക്കം ഉള്ളതും ജിതേഷിനു ഗുണം ചെയ്‌തേക്കും. യശസ്വി ജയ്‌സ്വാളിനൊപ്പം അഭിഷേക് ശര്‍മയോ ശുഭ്മാന്‍ ഗില്ലോ ഓപ്പണറാകട്ടെ എന്നൊരു തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയാല്‍ വിക്കറ്റ് കീപ്പര്‍ ഫിനിഷര്‍ റോളില്‍ ജിതേഷിനു വഴി തുറക്കും. അങ്ങനെ വന്നാല്‍ സഞ്ജുവിനു പുറത്തിരിക്കേണ്ടിവരും. ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുള്ളപ്പോള്‍ സഞ്ജുവിനെ മധ്യനിര ബാറ്റര്‍ മാത്രമായി പ്ലേയിങ് ഇലവനില്‍ ഇറക്കാനും സാധ്യത കുറവാണ്.