നിര്‍മാതാക്കളുടെ സംഘടനയും സാന്ദ്രാ തോമസിന്റെ ഒറ്റയാള്‍ പോരാട്ടവും

നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ നിയമപോരാട്ടം നടത്തുകയാണ് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചിട്ടുണ്ട്.

സാന്ദ്രയുടെ നിയമപോരാട്ടം

നിര്‍മാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാന്ദ്ര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പര്‍ദ്ദ ധരിച്ചെത്തിയാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ സാന്ദ്രയുടെ പത്രിക തള്ളി. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര പത്രിക നല്‍കിയിരുന്നത്. മൂന്ന് സിനിമയില്‍ കൂടുതല്‍ നിര്‍മിച്ചിട്ടില്ല എന്നതാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളാന്‍ കാരണം. അതേസമയം രണ്ട് ബാനറുകളില്‍ ആയി ഒന്‍പതിലേറെ സിനിമകള്‍ താന്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് സാന്ദ്ര പറയുന്നത്. വരണാധികാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്തും പത്രിക തള്ളിയതിനുമെതിരെയാണ് സാന്ദ്ര കോടതിയെ സമീപിച്ചിരിക്കുന്നത്.

സാന്ദ്രയുടെ ആരോപണം

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് വര്‍ഷങ്ങളായി ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സാന്ദ്രയുടെ ആരോപണം. നിര്‍മാതാക്കളായ സുരേഷ് കുമാര്‍, ആന്റോ ജോസഫ്, സിയാദ് കോക്കര്‍ എന്നിവരെയാണ് സാന്ദ്ര ഉന്നമിടുന്നത്. മറ്റു നിര്‍മാതാക്കളുടെ കാശുകൊണ്ടെല്ലാം സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ തോന്നിയ പോലെ കാര്യങ്ങള്‍ നടത്തുകയാണെന്നും സാന്ദ്ര പറയുന്നു. എതിരഭിപ്രായം പറയുന്നവരെ അവര്‍ പുറത്താക്കുകയാണ്. കോടികളുടെ അഴിമതിയും മോശം പ്രവര്‍ത്തനങ്ങളും സംഘടനയ്ക്കുള്ളില്‍ നടക്കുന്നു. സംഘടനയ്ക്കുള്ളില്‍ തനിക്ക് പിന്തുണയുണ്ടെന്നും മത്സരിച്ചാല്‍ താന്‍ ജയിക്കുമെന്ന പേടിയാണ് നിലവിലെ ഭാരവാഹികള്‍ക്കുള്ളതെന്നും സാന്ദ്ര പറയുന്നു.

സൂപ്പര്‍താരങ്ങളുടെ നിലപാട്

ഈ വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിലപാടിനെ കുറിച്ച് സാന്ദ്ര ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. കേസില്‍ നിന്ന് പിന്മാറാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടെന്ന് സാന്ദ്ര പറയുന്നു.

‘ എന്നെ മമ്മൂക്ക വിളിച്ചിരുന്നു. എന്നോടു കേസുമായി മുന്നോട്ടു പോകരുതെന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹം എന്നോടു ഒരു മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. പക്ഷേ, ഞാന്‍ അദ്ദേഹത്തോടു ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ, ‘മമ്മൂക്കയുടെ മകള്‍ക്കാണ് ഇങ്ങനെയൊരു അവസ്ഥ വന്നതെങ്കില്‍ അവരോടും ഇങ്ങനെ പറയോ? പ്രതികരിക്കരുത്, കേസുമായി മുന്നോട്ടു പോകരുത്, ഇത് ഭാവിയില്‍ എന്നെ ബാധിക്കും, എനിക്ക് ഇനി സിനിമ ചെയ്യാന്‍ പറ്റില്ല, നിര്‍മാതാക്കള്‍ ഇനി എന്റെ സിനിമ തിയറ്ററില്‍ ഇറക്കാന്‍ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു നിലപാട് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നത്’ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ, ഇനി അതില്‍ ഞാന്‍ ഒരു അഭിപ്രായം പറയുന്നില്ല. ഇഷ്ടം പോലെ ചെയ്‌തോളൂ’ എന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം എന്നോടു കമ്മിറ്റ് ചെയ്ത ഒരു സിനിമയുണ്ടായിരുന്നു. ആ സിനിമയില്‍ നിന്ന് അദ്ദേഹം പിന്മാറി,’ സാന്ദ്ര തോമസ്.

എന്റെ അവസ്ഥ മനസിലാക്കണം എന്നാണ് മമ്മൂക്ക എന്നോടു പറഞ്ഞത്. അദ്ദേഹത്തിനു അങ്ങനെയൊരു നിലപാട് എടുക്കാനല്ലേ സാധിക്കൂ. കാരണം അദ്ദേഹത്തിന്റെ വീട്ടുപണിയെടുക്കുന്ന ഒരാളാണ് ഞങ്ങളുടെ അസോസിയേഷന്റെ പ്രസിഡന്റ് – സാന്ദ്ര പറഞ്ഞു.

ലാലേട്ടന്‍ (മോഹന്‍ലാല്‍) ഈ വിഷയത്തില്‍ എന്നോടു സംസാരിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്ന ആളുകള്‍ സംസാരിച്ചിട്ടുണ്ട്. തനിക്ക് പൂര്‍ണ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളുകളുടെ പ്രതികരണം കാണുമ്പോള്‍ അവര്‍ എനിക്കൊപ്പമാണ്. അദ്ദേഹത്തിന്റെ നിലപാടും അതു തന്നെയാണെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *