കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണി മാറ്റങ്ങളെ കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് കേരള കോൺഗ്രസ് എമ്മിനെ ചൊല്ലിയാണ്. ഇടതുമുന്നണി വിടാൻ കേരള കോൺഗ്രസ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്കിടയാണ് യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ട് കൺവീനർ അടൂർ പ്രകാശ് തന്നെ നേരിട്ട് രംഗത്ത് എത്തിയത്. ഇതിനിടെയാണ് 40 വർഷം കൂടെ നിന്നിട്ടും യുഡിഎഫ് ഒരു കരുണയും ഇല്ലാതെ പുറത്താക്കിയതിനെ കുറിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്.
ഒരു മുന്നണിയിൽ നിന്നുകൊണ്ട് ഒരു കക്ഷിയെയും വിമർശിക്കാൻ കേരള കോൺഗ്രസ് തയ്യാറല്ല. കേരള കോൺഗ്രസ് യുഡി എഫ് വിട്ടുപോയ പാർട്ടി അല്ല.മുന്നണിയിൽ തുടരാൻ അർഹതയില്ല എന്ന വാക്ക് ഉപയോഗിച്ച് പാർട്ടിയെ പുറന്തള്ളിയത് എന്തിനാണ് എന്നത് സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടും മനസ്സിലാക്കാൻ പറ്റിയിട്ടില്ല.യു ഡി എഫ് ക്ഷണിക്കുന്നതിൽ സന്തോഷമുണ്ട്. കേരള കോൺസ് എമ്മിനെ യു ഡി എഫ് എന്തിന് പുറന്തള്ളി എന്നത് ഇനിയും മനസിലാകുന്നില്ല.
നിലവിൽ ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് സംതൃപ്തരാണെന്നും മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചന പോലുമില്ലെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. മുന്നണി ഒറ്റക്കെട്ടാണ്.കക്ഷികൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. എൽ ഡി എഫിൽ കേരള കോൺഗ്രസ് (എം) നുള്ള സ്ഥാനം ചെറുതാണെന്ന് താൻ വിചാരിക്കുന്നില്ല. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എൽഡിഎഫിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അക്കാര്യം വ്യക്തമാണ്.
പാലായിലും കടുത്തുരുത്തിയിലും യുഡിഎഫിന്റെ വോട്ട് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ ചൂണ്ടിക്കാണിക്കുന്നു. മുന്നണിയെയും സർക്കാരിനെയും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പാർട്ടി തുടരുകയാണ്. പാലായെ സംബന്ധിച്ച് ആർക്കും തർക്കമില്ല. പാർട്ടി സ്ഥാനാർത്ഥികൾ എവിടെ മത്സരിക്കണം എന്ന തീരുമാനം പറയുന്നത് ചെയർമാനാണ്. കെഎം മാണിയുടെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന പാലായിൽ ജോസ് കെ മാണിക്കും വ്യക്തമായ സ്വാധീനം ഉണ്ട്. സിപിഐയുടെ വിമർശനം ഗൗരവത്തിലുള്ളതല്ലെന്നും പാർട്ടി യോഗത്തിൽ സ്വാഭാവികമായുണ്ടാകുന്ന വിമർശനം മാത്രമാണെന്നും റോഷി അഗസ്റ്റിൻ വിശദീകരിക്കുന്നു.