രോഹിത്തും കോലിയും ഇംഗ്ലണ്ടിലേക്ക്? ആരാധകര്‍ക്കു സന്തോഷവാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയെയും രോഹിത് ശര്‍മയെയും ആണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള ഇരുവരുടെയും വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ഇംഗ്ലണ്ടില്‍ കളിക്കാന്‍ ഇനി കോലിക്കും രോഹിത്തിനും ഒരിക്കലും അവസരമുണ്ടാകില്ലെന്ന് പോലും ആരാധകര്‍ കരുതി. എന്നാല്‍ ഇരുവര്‍ക്കും ഇംഗ്ലണ്ടില്‍ കളിക്കാനുള്ള അവസരം ഒരുങ്ങുകയാണ് !

ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്നും ഇരുവരും വിരമിച്ചതാണ്. അതിനാല്‍ ഇനി രാജ്യാന്തര തലത്തില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമേ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കൂ. 2026 ല്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് പര്യടനം ഉണ്ടാകുമെന്നും അതില്‍ ഏകദിന പരമ്പരയുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം 2026 ല്‍ ഉണ്ടാകുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് പ്രഖ്യാപിച്ചത്.

2026 പകുതിയോടെ ആയിരിക്കും ഇന്ത്യയുടെ അടുത്ത ഇംഗ്ലണ്ട് പര്യടനം. ആ സമയത്ത് വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ഫോര്‍മാറ്റില്‍ തുടരുകയാണെങ്കില്‍ ഇരുവര്‍ക്കും ഇംഗ്ലണ്ടില്‍ കളിക്കാന്‍ സാധിക്കും. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇരുവരും ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നതെന്നാണ് സൂചന. അതിനാല്‍ 2026 ല്‍ ഇംഗ്ലണ്ടില്‍ കളിക്കാന്‍ ഇരുവരും എത്തും. ഇംഗ്ലണ്ടില്‍ അടക്കം ഏറെ ആരാധകരുള്ള താരങ്ങളാണ് കോലിയും രോഹിത്തും.

ജൂലൈ ഒന്നിനു ആരംഭിക്കുന്ന വിധമാണ് 2026 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലൈ 1, 4, 7, 9, 11 തിയതികളിലായി അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ നടക്കും. ജൂലൈ 15 നായിരിക്കും ഏകദിന പരമ്പര ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കും. എഡ്ജ്ബാസ്റ്റണ്‍, സോഫിയ ഗാര്‍ഡന്‍സ്, ലോര്‍ഡ്‌സ് എന്നിവയായിരിക്കും ഏകദിന പരമ്പരയുടെ വേദികള്‍.

ഐപിഎല്ലില്‍ ആണ് കോലിയെയും രോഹിത്തിനെയും ആരാധകര്‍ അവസാനമായി കണ്ടത്. അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ ഇരുവരും കളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഈ പരമ്പര ചില ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയാണ്. ബംഗ്ലാദേശ് പര്യടനത്തിനു പകരം അതേ ദിവസങ്ങളില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നടത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയില്‍ ഉണ്ട്. അങ്ങനെയെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആയിരിക്കും ഇനി ഇരുവരെയും ഒന്നിച്ച് കാണാന്‍ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *