റിയാദ്: വിഷൻ 2030 ന്റെ ഭാഗമായി റിയാദ് മേഖലയിൽ പുതിയ ആറ് റോഡുകൾ നിർമിക്കും . 38 കോടി റിയാലിെൻറ മുടക്കുമുതലിൽ ആകെ 112 കിലോമീറ്റർ നീളമുള്ള ആറ് റോഡുകളാണ് നിർമിക്കുന്നത്.സൗദിയിലെ എല്ലാ പ്രദേശങ്ങളുടെയും വികസനത്തിനുള്ള ഭരണകൂടപിന്തുണയും ശ്രദ്ധയും പ്രതിഫലിപ്പിക്കുന്നതാണ് വിഷൻ 2030 ന്റെ ഭാഗമായുള്ള പദ്ധതികളെന്ന് നിർമാണ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു.
16.6 കോടി റിയാൽ ചെലവിട്ട് 52 കിലോമീറ്റർ നീളത്തിൽ വാദി അൽദവാസിറിെൻറ വടക്കുഭാഗത്തുള്ള ഇരട്ട പാത പൂർത്തീകരണം ,14.5 കോടി റിയാൽ ചെലവിൽ 21 കിലോമീറ്റർ നീളമുള്ള ഇരട്ട അൽഖർജ്-അൽ ഖുവയ്യ റോഡിന്റെ നിർമാണം എന്നിവയാണ് പദ്ധതിയിലുള്ളത്.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുന്ന ‘വിഷൻ 2030- ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അക്ഷീണ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ അതുല്യമായ പദ്ധതികളെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ഈ പദ്ധതികൾ മേഖലയിലെ യാത്രാസൗകര്യം വർധിപ്പിക്കുകയും സന്ദർശകർക്ക് സേവനം നൽകുകയും ചെയ്യുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽജാസർ പറഞ്ഞു. കിരീടാവകാശി ആരംഭിച്ച ഗതാഗത, ലോജിസ്റ്റിക്സ് സേവനങ്ങൾക്കായുള്ള ദേശീയതന്ത്രത്തിെൻറ ഭാഗമാണ് ഈ പദ്ധതികൾ.
ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടപ്പിലാക്കുമെന്നും സുരക്ഷാ പ്രധാന മാനദണ്ഡം ആയിരിക്കുമെന്നും അധികൃതർ പറഞ്ഞു .