കൊച്ചി: ജാനകി വേഴ്‌സസ് കേരള എന്ന പുതുക്കിയ പതിപ്പിന് ഇന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ .സിനിമയിലെ കോടതി വിചാരണ ഭാഗങ്ങളിൽ ജാനകി എന്ന് കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തിൽ മ്യൂട്ട് ചെയ്തിരിക്കുന്നത് . സബ് ടൈറ്റിലിൽ ജാനകി വി എന്ന് മാറ്റിയിട്ടുണ്ട്.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം ‘ജാനകി’ എന്ന പേരിലാണ് വിവാദമായത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്. ജാനകി എന്നേറ്റത് സീതയുടെ പര്യായം ആണെന്നാണ് സെൻസർബോർഡിന്റെ വാദം. തുടർന്ന് ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്.
കേസ് കോടതി പരിഗണിച്ചപ്പോൾ ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിർമാതാക്കൾ അറിയിച്ചു. ഇതോടെയാണ് ടൈറ്റിലിൽ വി എന്ന് ചേർത്താൽ മതിയാകുമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയത്.