അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി.നായരെ അപമാനിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികളുമായി മുന്നോട്ട് പോവാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി റവന്യു മന്ത്രി കെ.രാജന്‍. വിമാനാപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫെയ്‌സ്പുക് പോസ്റ്റിനു താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകളിട്ടത്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടനെ റവന്യു മന്ത്രി യുടെ ഉത്തരവ് പ്രകാരം പവിത്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. സര്‍വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷനര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നടപടിയുടെ ഭാഗമായി പവിത്രനു മെമ്മോ നല്‍കുന്നതാണ് ആദ്യ നടപടി. മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്കു കടക്കും.
നേരത്തെയും സമാന രീതിയില്‍ പവിത്രന്‍ പലരേയും അധിക്ഷേപിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിലവാരമില്ലാതെ പ്രതികരിക്കുന്നത് ഒരു ശീലമായ ആളാണ് പവിത്രന്‍. പലപ്പോഴും പോസ്റ്റുകള്‍ ഇടുന്നതിന് പകരം ആരെങ്കിലും ഇടുന്ന പോസ്റ്റിന് താഴെ സഭ്യമല്ലാത്ത രീതിയില്‍ പ്രതികരിക്കുകയാണ് പതിവ്. സഹപ്രവര്‍ത്തകരുടേയും പൊതു പ്രവര്‍ത്തകരുടേയും പോസ്റ്റില്‍ ഇത്തരത്തില്‍ കമന്റിടാറുണ്ട്. ചിലര്‍ നേരത്തെ പരാതിയായി രംഗത്തെത്തിയിരുന്നു. അത് കൂടി പരിഗണിച്ചാണ് ഈ വിഷയത്തില്‍ കടുത്ത നടപടികളിലേക്ക് റവന്യൂ വകുപ്പ് തയ്യാറാകുന്നത്.