റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം സർക്കാർ ഖജനാവിലേക്ക് അടച്ചത്  2.10 ലക്ഷം കോടി 

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം സർക്കാർ ഖജനാവിലേക്ക് അടച്ചത് 2,10,269 കോടി രൂപ. വിവിധ നികുതികൾ, ചെലവുകൾ, സ്പെക്ട്രം ഫീസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കമ്പനിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആകെ തുകയെടുത്താൽ കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ 1,86,440 കോടി രൂപയേക്കാൾ 12.8 ശതമാനം കൂടുതലാണ്. അതേസമയം ഇതാദ്യമായാണ് റിലയൺസ് സർക്കാരിലേക്ക് അടക്കുന്ന തുക 2 ലക്ഷം കോടി കവിയുന്നത്. 2020 മുതൽ 2025 വരെ റിലയൻസ് 10 ലക്ഷം കോടി രൂപയ്ക്ക് മേൽ സർക്കാർ ഖജനാവിലേക്ക് നൽകിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംഭാവനയുമായി റിലയൻസ് മുന്നിൽ നിൽക്കുന്നത്.

2025 സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം വരുമാനം 7.1 ശതമാനം വർധിച്ച് 10.71 ലക്ഷം കോടിയിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ ഇത് 10 ലക്ഷം കോടിയായിരുന്നു. അതേസമയം, അറ്റാദായം വർഷം തോറും 2.9 ശതമാനം വർധിച്ച് 81,309 കോടി രൂപയായി. ഇബിഐടിഡിഎ 2.9 ശതമാനം വർധിച്ച് 1.83 ലക്ഷം കോടിയിലെത്തി. ഇതിൽ പകുതിയിലധികവും കമ്പനിയുടെ ഉപഭോക്തൃ ബിസിനസുകളിൽ നിന്നാണ്. 2025 മാർച്ച് 31 ലെ കണക്കനുസരിച്ച്, റിലയൻസിന്റെ മൊത്തം കടം 3.47 ലക്ഷം കോടി രൂപയായിരുന്നു. 

വയാകോം18, സ്റ്റാർ ഇന്ത്യ എന്നിവയുടെ ലയനത്തിലൂടെ രൂപീകരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ പ്ലാറ്റ്‌ഫോമായ ജിയോസ്റ്റാറിന്റെ സമാരംഭത്തോടെ, 2025 സാമ്പത്തിക വർഷത്തിൽ റിലയൻസ് അതിന്റെ മീഡിയ, വിനോദ അഭിലാഷങ്ങളിൽ വലിയ മുന്നേറ്റം നടത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഈ വിഭാഗത്തിന്റെ വരുമാനം വർഷം തോറും 74.9 ശതമാനം കുത്തനെ ഉയർന്ന് 17,762 കോടി രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *