തുറന്നു പറച്ചിലിന്റെ പേരില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നുറപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. യൂറോളജി വകുപ്പിലെ ഉത്തരവാദിത്തങ്ങള്‍ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ഏല്‍പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പല പ്രശ്‌നങ്ങളും ഇപ്പോഴും പരിഹരിക്കാന്‍ കഴിയാതെ നിലനില്‍ക്കുന്നുണ്ടെന്നും അത് പരിഹരിച്ചേ മതിയാകൂവെന്നും ഡോ. ഹാരിസ് പറഞ്ഞു. അതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങളെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞത് എന്റെ തെറ്റാണ്. പക്ഷെ തനിക്ക് വേറെ വഴിയില്ലായിരുന്നു. ഒരു പോസ്റ്റിട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഞാന്‍ പോസ്റ്റില്‍ സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റം പറഞ്ഞിട്ടില്ല. ബ്യൂറോക്രസിയെ മാത്രമാണ് കുറ്റം പറഞ്ഞത്. എന്നാല്‍ വിഷയം കൈവിട്ട് പോകുകയായിരുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് മുഖ്യമന്ത്രിയേയും ആരോഗ്യ വകുപ്പ് മന്ത്രിയേയും പാര്‍ട്ടിയേയുമാണ്. ഇവര്‍ മൂന്ന് പേരും എനിക്ക് ഒരുപാട് പിന്തുണ തന്നവരാണ്. അവര്‍ക്കെതിരെയാണ് ചിലര്‍ എന്റെ പോസ്റ്റുകള്‍ ഉപയോഗിച്ചത്. കോട്ടയത്ത് നിന്ന് എനിക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതും അവര്‍ കാരണമാണ്. ഇത് എന്റെ തന്ത്രമല്ല. ഒരു ഡോക്ടര്‍ എന്ന നിലയിലാണ് ഞാന്‍ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്.
തുറന്നുപറച്ചില്‍ കൊണ്ട് ഗുണമുണ്ടായി. രോഗികളുടെ ശസ്ത്രക്രിയ കൃത്യമായി നടത്താന്‍ കഴിഞ്ഞു. അവരൊക്കെ ഞങ്ങളെ വന്നുകണ്ട് പുഞ്ചിരിച്ച് നന്ദിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. അതോടെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.