‘ചേര’യെ ഔദ്യോഗിക പാമ്പാക്കാന്‍ വനംവകുപ്പ്

മനുഷ്യന് ഉപകാരിയെന്ന് വിശദീകരണം

ചേരപ്പാമ്പിനെ (റാറ്റ് സ്‌നേക്ക്)സംസ്ഥാന ഉരഗമാക്കി പ്രഖ്യാപിക്കണമെന്ന് വനംവകുപ്പ് ശുപാര്‍ശ നല്‍കി. വിഷയം ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന വന്യജീവി ബോര്‍ഡ് യോഗത്തില്‍ പരിഗണിക്കുമെന്നറിയുന്നു.
സംസ്ഥാന പക്ഷി, മൃഗം , മത്സ്യം എന്നിവയ്‌ക്കൊപ്പം സംസ്ഥാന ഉരഗവും വേണമെന്നാണ് വനംവകുപ്പ് നിര്‍ദേശിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് ചേരയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നത് കുറ്റകരമാണ്. പല രീതിയില്‍ ചേര മനുഷ്യര്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.
മഞ്ഞച്ചേര, കരിഞ്ചേര എന്നീ പാമ്പുകളും ചേര വര്‍ഗത്തില്‍ പെടുന്നവയാണ്. വിഷപ്പാമ്പുകളായ മൂര്‍ഖന്‍, അണലി എന്നിവയുടെ കുഞ്ഞുങ്ങളെ ചേര ഭക്ഷിക്കാറുണ്ട്. അതിനു പുറമേ എലികളെയും തിന്നൊടുക്കും.
ഇതെല്ലാം കര്‍ഷകര്‍ക്ക് ഗുണകരമായി മാറും. പാമ്പ് കടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി ചേരയെ ഉപയോഗിക്കാനും വനംവകുപ്പിന് ഉദ്ദശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *