കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറാണ് വേടൻ തന്നെ വിവാഹം വാഗ്ദാനം നൽകി രണ്ട് വർഷത്തോളം പീഡിപ്പിച്ചതായി പരാതി നൽകിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിക്കുകയും കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. തൃക്കാക്കര സ്റ്റേഷൻ പരിധിയിൽവച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയിൽ കേസെടുത്തത്.
നേരത്തെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ പൊലീസും പുലിപ്പല്ല് ഉപയോഗിച്ചതിന് വനം വകുപ്പും വേടനെതിരെ കേസെടുത്തിരുന്നു. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.