സഞ്ജു മാത്രമല്ല രാജസ്ഥാന്‍ വിടുക; മൂന്ന് താരങ്ങള്‍ ‘റഡാറില്‍’

2026 ഐപിഎല്‍ സീസണിനു മുന്നോടിയായി ടീം ഉടച്ചുവാര്‍ക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് രാജസ്ഥാന്‍ വിടുമ്പോള്‍ മറ്റ് മൂന്ന് താരങ്ങള്‍ മാനേജ്‌മെന്റിന്റെ ‘റഡാറില്‍’. കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിച്ച് മൂന്ന് താരങ്ങളെ റിലീസ് ചെയ്യാന്‍ രാജസ്ഥാന്‍ ആലോചിക്കുന്നുണ്ട്.

സഞ്ജുവിനെ വിടാന്‍ തീരുമാനം!

തന്നെ റിലീസ് ചെയ്യണമെന്ന സഞ്ജു സാംസണിന്റെ ആവശ്യത്തോടു മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചേക്കും. സഞ്ജു തുടരാന്‍ ആഗ്രഹിക്കാത്ത സാഹചര്യത്തില്‍ പിടിച്ചുനിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് രാജസ്ഥാന്റെ നിലപാട്. എന്നാല്‍ അന്തിമ തീരുമാനം മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും. സഞ്ജുവുമായി ദ്രാവിഡ് കൂടിക്കാഴ്ച നടത്തും. രാജസ്ഥാന്‍ തുടരണമെന്ന് സഞ്ജുവിനോടു ദ്രാവിഡ് ആവശ്യപ്പെട്ടേക്കാം. സഞ്ജുവിന്റെ പ്രകടനത്തിലും നായക മികവിലും മാനേജ്‌മെന്റിനു ഇപ്പോഴും പൂര്‍ണ തൃപ്തിയാണ്. എന്നാല്‍ സഞ്ജു സ്വന്തം ഇഷ്ടത്തിനു ടീം മാറാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ തടയേണ്ടതില്ലെന്ന നിലപാടുമുണ്ട്.

ഹെറ്റ്മയര്‍ പുറത്തേക്ക്

കഴിഞ്ഞ സീസണില്‍ 11 കോടിക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് കരീബിയന്‍ വെടിക്കെട്ട് ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍. ജോസ് ബട്‌ലറെ റിലീസ് ചെയ്ത് ഹെറ്റ്മയറെ നിലനിര്‍ത്തിയ രാജസ്ഥാന്‍ തന്ത്രം പിന്നീട് ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായി. മാത്രമല്ല 2025 സീസണില്‍ ഹെറ്റ്മയര്‍ നിറംമങ്ങുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 21.72 ശരാശരിയിലും 145.73 സ്‌ട്രൈക് റേറ്റിലും ഹെറ്റ്മയറിനു നേടാനായത് വെറും 239 റണ്‍സ് മാത്രമാണ്. ഹെറ്റമയറെ റിലീസ് ചെയ്ത് പകരം ഫിനിഷര്‍ റോളിലേക്ക് ഏതെങ്കിലും ഇന്ത്യന്‍ താരത്തെ സ്വന്തമാക്കാനാണ് രാജസ്ഥാന്‍ മാനേജ്മെന്റിന്റെ തീരുമാനം. മാത്രമല്ല അങ്ങനെ ചെയ്യുമ്പോള്‍ ഹെറ്റ്മയറിനു പകരം മറ്റൊരു വിദേശ താരത്തെ പ്ലേയിങ് ഇലവനിലും ഇറക്കാം.

തുഷാര്‍ ദേശ്പാണ്ഡെയുടെ ഭാവി

30 കാരനായ തുഷാര്‍ ദേശ്പാണ്ഡെയെ രാജസ്ഥാന്‍ കൈയൊഴിയും. മെഗാ താരലേലത്തില്‍ 6.5 കോടി ചെലവഴിച്ചാണ് ദേശ്പാണ്ഡെയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. എന്നാല്‍ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. 10 കളികളില്‍ നിന്ന് നേടാനായത് ഒന്‍പത് വിക്കറ്റുകള്‍ മാത്രം. ഇക്കോണമി ആകട്ടെ പത്തിനും മുകളിലാണ് ! 2023, 24 സീസണുകളിലെ പ്രകടനം കണ്ടാണ് ദേശ്പാണ്ഡെയെ രാജസ്ഥാന്‍ ലേലത്തില്‍ വിളിച്ചെടുത്തത്. എന്നാല്‍ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു സാധിച്ചില്ല. ദേശ്പാണ്ഡെയെ റിലീസ് ചെയ്യാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.

വനിന്ദു ഹസരംഗയിലും ‘പ്രതീക്ഷ’ നഷ്ടപ്പെട്ടു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയെയും രാജസ്ഥാന്‍ റിലീസ് ചെയ്‌തേക്കും. ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് താരലേലത്തില്‍ 5.25 കോടിക്ക് രാജസ്ഥാന്‍ ഹസരംഗയെ വിളിച്ചെടുത്തത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങില്‍ അമ്പേ പരാജയമായി. 11 കളികളില്‍ 1.80 ശരാശരിയില്‍ ഹസരംഗ നേടിയത് വെറും ഒന്‍പത് റണ്‍സ് ! ബൗളിങ്ങില്‍ 9.05 ഇക്കോണമിയില്‍ 11 കളികളില്‍ നിന്ന് 11 വിക്കറ്റും.

Leave a Reply

Your email address will not be published. Required fields are marked *