ന്യൂഡൽഹി: ബിജെപിയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ തെരഞ്ഞെടുപ്പ് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നു തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി. വിവിധ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലെ വ്യാജ വോട്ടർമാരുടെയും വ്യാജ വിലാസങ്ങളുടെയും തെളിവുകൾ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. കഴിഞ്ഞ ആഴ്ച, വോട്ട് മോഷണം സംബന്ധിച്ച് താൻ ആറ്റം ബോംബ് പൊട്ടിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ തന്റെ കൈവശമുള്ള തെളിവുകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിരുന്നില്ല.
വീട്ടു നമ്പർ പല വോട്ടർമാർക്കുമില്ലെന്ന് രാഹുൽ പറഞ്ഞു. വീട്ടു നമ്പർ പൂജ്യമെന്നാണ് ചില വോട്ടർ പട്ടികയിലുള്ളത്. 80 പേരുള്ള കുടുംബം ഒരു മുറിയിൽ കഴിയുന്നതായി വോട്ടർ പട്ടികയിലെ വിലാസത്തിലുണ്ട്. ഇവരൊക്കെ ആരാണെന്നോ എവിടാണെന്നോ ആർക്കുമറിയില്ല എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മീഷൻ വോട്ടർപട്ടിക നൽകിയില്ല. അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു എന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒരു മണ്ഡലത്തിൽ മാത്രം 40,000 ഒരു രാജ വോട്ടർമാരെ കണ്ടെത്തിയെന്ന് രാഹുൽ പറഞ്ഞു. ഒരു ലോകസഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാർ ആണെന്ന് കണ്ടെത്തി. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല എന്നത് അത്ഭുതം ആണെന്നും രാഹുൽ വ്യക്തമാക്കി
പുതിയ വോട്ടർമാരുടെ പട്ടികയിലും ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി പറഞ്ഞു. 70 വയസ്സുള്ള സ്ത്രീ ബാംഗ്ലൂരിലെ വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ടുതവണയാണ് അവരുടെ പേരുള്ളത്.
2024 ൽ അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രിക്ക് 25 സീറ്റുകൾ മാത്രമേ മോഷ്ടിക്കേണ്ടിയിരുന്നുള്ളൂവെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 33,000 ൽ താഴെ വോട്ടുകൾക്ക് 25 സീറ്റുകൾ നേടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2023-ലെ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് കൃത്രിമത്വത്തെക്കുറിച്ച് കോൺഗ്രസിന് സംശയമുണ്ടായിരുന്നു. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അത് സ്ഥിരീകരിച്ചുവെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസും സഖ്യവും രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയോട് പരാജയപ്പെട്ടു.
കർണാടകയിലെ മഹാദേവപുരയിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജവും അസാധുവായതുമായ വിലാസങ്ങൾ കണ്ടെത്തിയതായി കോൺഗ്രസ് പാർട്ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന അവകാശവാദങ്ങളുടെ തെളിവും പത്രസമ്മേളനത്തിൽ കാണിച്ച തെളിവുകളും ഇന്ന് (ഓഗസ്റ്റ് 8, 2025) തന്നെ സമർപ്പിക്കാൻ കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.