പി.വി. അന്‍വറിന് യുഡിഎഫിന്റെ വാതില്‍ അടഞ്ഞു തന്നെ കിടക്കുമെന്ന് ഉറപ്പായതോടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിര്‍ത്തി മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് പിവി അന്‍വര്‍ അറിയിച്ചു. യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്ത് സമയം കളയാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ച് സിപിഎം ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ടെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. വയനാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ ദുരന്തത്തില്‍ നിന്ന് മുതലെടുപ്പ് നടത്തുകയാണ്. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത് ഊരാളുങ്കലാണ്. ഊരാളുങ്കലിന്റെ നടത്തിപ്പ് സി പി എം നേതാക്കള്‍ക്കാണ്. പുനരധിവാസത്തില്‍ സഹായിക്കാന്‍ വന്ന സംഘടനകളെ സര്‍ക്കാര്‍ അടിച്ചോടിച്ചു. വന്‍ഭൂമി മാഫിയയാണ് ഇതിന് പിന്നിലുള്ളത്.
ചൂരല്‍മല പോലെ സര്‍ക്കാര്‍ വില്ലനായ മറ്റാരു ദുരന്തം വേറെ ഉണ്ടാകില്ല. 776 കോടി രൂപ ജനങ്ങള്‍ സര്‍ക്കാരിന് നല്‍കി. എന്നിട്ടും ജനങ്ങള്‍ക്ക് സഹായം നല്‍കിയില്ല. വീട് വേണ്ടെന്ന് എഴുതിക്കൊടുത്ത് കുടുംബങ്ങള്‍ 15 ലക്ഷം വാങ്ങി പോവുകയാണ്. കവളപ്പാറയിലെ പ്രശ്‌നങ്ങള്‍ ആറ് മാസം കൊണ്ട് പരിഹരിച്ചതാണ്. എന്നാല്‍ വയനാട് വിഷയം അങ്ങനെയല്ല. ഇവിടത്തെ പ്രശ്‌നം പ്രതിപക്ഷം ഏറ്റെടുക്കുന്നില്ല. ഈ വിഷയത്തില്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണ്’- പിവി അന്‍വര്‍ പറഞ്ഞു.