പുരിയിൽ ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ചു; സ്വയം ജീവിതം അവസാനിപ്പിച്ചതെന്ന് പിതാവ്

ന്യൂഡൽഹി: പുരിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജീവനോടെ തീകൊളുത്തിയ 15 വയസ്സുകാരി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. മാനസിക ബുദ്ധിമുട്ടുകൾ മൂലം മകൾ സ്വയം തീ കൊളുത്തി ജീവിതം അവസാനിപ്പിച്ചതാണെന്ന് വാദവുമായി പെൺകുട്ടിയുടെ പിതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തെ രാഷ്ട്രിയവൽക്കരിക്കരുതെന്നും അവളുടെ ആത്മാവിനായി പ്രാർത്ഥിക്കണമെന്നും പിതാവ് ആവശ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്. 

“എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. മാനസിക സമ്മർദ്ദം മൂലമാണ് അവൾ ജീവിതം അവസാനിപ്പിച്ചത്. അവൾ നേരിട്ട ആഘാതം അസഹനീയമായിരുന്നു. ഒഡീഷ സർക്കാർ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ദയവായി ഈ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഞാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. പകരം, അവളുടെ ആത്മാവിനായി പ്രാർത്ഥിക്കുക”കുട്ടിയുടെ പിതാവ് വീഡിയോയിൽ പറഞ്ഞു.

തുടക്കത്തിൽ അജ്ഞാതരായ മൂന്ന് പേർ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തീകൊളുത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ മരണത്തിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്ന് കേസ് അന്വേഷിച്ച പൊലീസ് വ്യക്തമാക്കി. തുടർന്നാണ് കുട്ടി മാനസിക പ്രയാസങ്ങളെ തുടർന്ന് സ്വയം തീകൊളുത്തുകയായിരുന്നന്ന് വ്യക്തമാക്കുന്ന വീഡിയോ കുട്ടിയുടെ പിതാവ് പുറത്തുവിടുന്നത്. 

അതേസമയം, പിതാവ് ആരുടെയെങ്കിലും സമ്മർദ്ദം മൂലമാണോ ഇത്തരത്തിലൊരു വീഡിയോ പുറത്തുവിട്ടിരിക്കുന്നത് എന്ന സംശയം ഒരു വിഭാഗം ഉന്നയിക്കുന്നു. സംഭവത്തിൽ മൂന്ന് പുരുഷന്മാർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. അ‍ജ്ഞാതർ ചേർന്ന് മകളെ തീകോളുത്തിയതെന്നായിരുന്നു പൊലീസ് എഫ്.ഐ.ആറിൽ പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴി.

ജൂലൈ 19നായിരുന്നു ഭാർഗവി നദിയുടെ തീരത്താണ് സംഭവം നടക്കുന്നത്.  ശരീരത്തിന്റെ മുക്കാൽ ഭാ​ഗവും പൊള്ളലേറ്റ നിലയിൽ 15കാരിയായ പെൺകുട്ടിയെ ഭുവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്കും തുടർന്ന് ഡൽഹി എയിംസിലേക്കും എത്തിച്ചത്. ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റ കുട്ടിയെ തീവ്ര ചികിത്സക്ക് വിധേയമാക്കിയിട്ടും രക്ഷിക്കാനായില്ല. 

Leave a Reply

Your email address will not be published. Required fields are marked *