പാലക്കാട്: പാലക്കാട്ടെ കൊമ്പൻ പിടി 5നെ ദൌത്യ സംഘം മയക്കുവെടി വെച്ചു. കണ്ണിനു പരിക്കേറ്റ ആനയെ ചികിത്സയ്ക്കു വേണ്ടിയാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്. ആനയെ ഉടൻ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്. വടവുമായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് പോയിട്ടുണ്ട്. ആനയെ മയക്കുവെടിവെച്ച ശേഷം മറ്റു കാര്യങ്ങൾ ആലോചിച്ചു തീരുമാനിക്കും എന്ന് ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ അറിയിച്ചു.
കണ്ണിന് പരിക്കേറ്റ പി ടി അഞ്ചിന്റെ ആരോഗ്യനില ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദ് വിലയിരുത്തിയിരുന്നു. ആന അവശനാണെന്ന വാർത്ത ശരിയല്ല. തീറ്റയെടുക്കുന്ന ആന മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും കാട്ടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരിക്ക് ഗുരുതരമെങ്കിൽ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ – കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി.