ക്ലബ് ലോകകപ്പില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ തുടക്കം

അത്ലറ്റിക്കോ മാഡ്രിഡിനെ നാലുഗോളിന് തകര്‍ത്ത് പിഎസ്ജി, ക്ലബ് ലോകകപ്പ് ഫുട്ബോളില്‍ തുടക്കം ഗംഭീരമാക്കി. ലോസ് ആഞ്ജലിസിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ 80,619 കാണികളെ സാക്ഷിയാക്കിയാണ് ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ ഫ്രഞ്ച് ക്ലബ് ജയംകുറിച്ചത്.
ഫാബിയന്‍ റൂസ് (19), വിറ്റീന്യ (45), സെന്നി മയുലു (87), ലീ കാങ് ഇന്‍ (പെനാല്‍ട്ടി) എന്നിവര്‍ പിഎസ്ജിക്കുവേണ്ടി ഗോള്‍ നേടി. 78-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡുകണ്ട് ക്ലെമന്റ് ലെന്‍ഗ്ലറ്റ് പുറത്തുപോയതോടെ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ പത്തുപേരായി ചുരുങ്ങി. ഇതിനുശേഷമാണ് ടീം രണ്ടുഗോള്‍കൂടി വഴങ്ങിയത്.
ആദ്യ 15 മിനിറ്റില്‍ 82.6 ശതമാനമായിരുന്നു പന്ത് കൈവശംവെക്കുന്നതില്‍ പിഎസ്ജിയുടെ ആധിപത്യം. കളിയില്‍ മൊത്തത്തില്‍ 75 ശതമാനവും പന്ത് ഫ്രഞ്ച് ക്ലബ്ബിന്റെ പക്കലായിരുന്നു. പിഎസ്ജിയുടെ 16 ഷോട്ടുകളില്‍ 11 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. അത്ലറ്റിക്കോ മഡ്രിഡിന് അഞ്ച് ഷോട്ടുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. അവസാന മൂന്നുമത്സരങ്ങളില്‍ പിഎസ്ജി 12 ഗോള്‍ അടിച്ചുകൂട്ടി. ഒറ്റഗോളും തിരിച്ചുവാങ്ങിയില്ല.
ഗ്രൂപ്പ് ബി-യിലെ മറ്റൊരു മത്സരത്തില്‍ ബോട്ടോഫോഗോ സീറ്റല്‍ സൗണ്ടേഴ്സിലെ 2-1ന് തോല്‍പ്പിച്ചു. എ ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ട്ടോയും പാല്‍മിറാസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഞായറാഴ്ചനടന്ന സി ഗ്രൂപ്പ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക് ഓക്ലന്‍ഡ് സിറ്റിയെ 10-0ത്തിന് തകര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *